മലപ്പുറം: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം അതിര് കടക്കരുതെന്ന് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്. കലക്‌ടറുടെ ചേമ്പറില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ ഒഴിവാക്കണം. പ്രതിഷേധങ്ങൾ പൊതുനിരത്തുകളിൽ നിന്നും ഒഴിവാക്കുകയും അതിനായി കഴിവതും മൈതാനങ്ങൾ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കും. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കുന്നത് ഉൾപ്പെടെ ശക്തമായ നടപടി എടുക്കും. വർഗീയ ധ്രുവീകരണത്തിനും സാമൂഹിക സംഘർഷത്തിനും വഴിവെക്കുന്ന നീക്കങ്ങൾ തടയാൻ രാഷ്ട്രീയ കക്ഷികളുടെയും മത സംഘടനകളുടെയും പിന്തുണയുണ്ടാകണം.
ജനാധിപത്യ മാർഗത്തിലൂടെയുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ല. എന്നാൽ ഇതര മതസ്ഥരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടികൾ ഉണ്ടാകാൻ പാടില്ല. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടനകളുടെയും യോഗം വിളിക്കും. ബസ് ഓപ്പറേറ്റർമാർ, സംഘടനാ ഭാരവാഹികൾ, വ്യാപാര സംഘടന പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. നാട്ടിൽ സമാധാനം ഉറപ്പുവരുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്‌ടർ അഭ്യർഥിച്ചു.