മലപ്പുറം: ഐഎസ്ആർഒയുടെ 'ആസാദിസാറ്റ്' എസ്എസ്എൽവി ഉപഗ്രഹത്തിന്‍റെ രൂപകൽപ്പനയിൽ പങ്കാളിയായി മങ്കട ചേരിയം ഗവ.ഹൈസ്‌കൂളിലെ വിദ്യാർഥിനികൾ. രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ഐഎസ്ആർഒ വിക്ഷേപിച്ച 'ആസാദിസാറ്റ്' ബഹിരാകാശത്തേക്ക് കുതിച്ചപ്പോൾ അതിനൊപ്പമുയർന്നത് മലപ്പുറം മങ്കട ചേരിയം ഗവ. ഹൈസ്‌കൂളിന്‍റെ പെരുമയും അഭിമാനവുമാണ്.
കേരളത്തിൽ നിന്ന് പങ്കാളിത്തം ലഭിച്ച ഏക വിദ്യാലയമാണ് ചേരിയം ജി.എച്ച്.എസ്. താപനിലയും വേഗവും അളക്കുന്ന ചിപ്പാണ് വിദ്യാർഥികൾ വികസിപ്പിച്ചത്. പത്താം ക്ലാസ് വിദ്യാർഥികളായ പി.ഹന, കെ.അർഷ, കെ. നുസ്‌ല നിഹ, സി.പി. ഫിയ, എ.നിത, കെ.നിഹ, നജ, കെ.ദിയ ഫാത്തിമ എന്നിവരായിരുന്നു സംഘാംഗങ്ങൾ.
ചെന്നൈ ആസ്ഥാനമായുള്ള സ്പെയ്‌സ് കിഡ്‌സ് എന്ന ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ നിന്ന് ഫെബ്രുവരിയിൽ സ്‌കൂളിലേക്ക് ഇ-മെയിൽ കിട്ടി. ഉടൻതന്നെ പദ്ധതിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കി. പിന്നാലെ സ്‌കൂളിനെ തെരഞ്ഞടുത്തതായി അറിയിച്ച് ഫോൺ സന്ദേശം എത്തുകയായിരുന്നു.