മലപ്പുറം : ചാലിയാർ സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സിപിഎം നേതാവ്. സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള ചാലിയാർ സഹകരണ ബാങ്കിന്‍റെ സെക്രട്ടറി ഓഡിറ്റിൽ വ്യാജബിൽ ഹാജരാക്കി ക്രമക്കേട് നടത്തിയെന്ന് കാണിച്ചാണ് ചാലിയാർ പഞ്ചായത്തിലെ മുതിർന്ന സിപിഎം നേതാവായ സി.കുഞ്ഞുമുഹമ്മദ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 2008ൽ താൻ താല്‍ക്കാലിക സെക്രട്ടറിയായി ആരംഭിച്ച ചാലിയാർ സഹകരണ ബാങ്കില്‍ ആറ് മാസത്തിന് ശേഷം സെക്രട്ടറിയായി നിയമിതനായതും നിലവില്‍ തുടരുന്നതുമായ പ്രമോദ് ചെറിയാനെതിരെയാണ് കുഞ്ഞുമുഹമ്മദിന്‍റെ പരാതി.
സഹകരണ ബാങ്ക് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ സൊസൈറ്റി അകമ്പാടം ടൗണിൽ എട്ട് മുറികളോടുകൂടിയ കെട്ടിടം വാടകക്കെടുത്ത് സൂപ്പർമാർക്കറ്റ് തുടങ്ങി. ഇവിടേക്ക് ആവശ്യമായ സാധനങ്ങൾ സെക്രട്ടറി നേരിട്ടാണ് വാങ്ങിയിരുന്നത്. ഇതിന്‍റെ മറവിൽ വ്യാജ ബില്ലുകളുണ്ടാക്കി ഭരണ സമിതിയെ തെറ്റിദ്ധരിപ്പിച്ചാണ് ക്രമക്കേട് നടത്തിയതെന്നും കുഞ്ഞുമുഹമ്മദ് പരാതിയില്‍ പറയുന്നു. 2012-13 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ സീനിയർ ഓഡിറ്റർ സുകുമാരൻ ക്രമക്കേട് കണ്ടെത്തിയിരുന്നുവെന്നും പാർട്ടി ബ്രാഞ്ച്, ലോക്കൽ തലങ്ങളിൽ വിഷയം ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാരന്‍ പറയുന്നു.
തുടര്‍ന്ന് ഏരിയ നേതൃത്വത്തിന് മുന്നില്‍ കാര്യങ്ങൾ വ്യക്തമാക്കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കുഞ്ഞുമുഹമ്മദ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പടെ എല്ലാം കൈവശമുണ്ട്. മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസവുമുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കുന്ന ഒരു നിലപാടും ഇടതുപക്ഷ സർക്കാറിൽ നിന്നും ഉണ്ടാവില്ലെന്നും 1969-ൽ സഖാവ് കുഞ്ഞാലിയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചയാളാണ് താനെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.
ആരോപണ വിധേയനായ ബാങ്ക് സെക്രട്ടറി കഴിഞ്ഞ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ഇയാള്‍ നേതൃത്വത്തെ സ്വാധീനിച്ച് വീണ്ടും ലോക്കൽ കമ്മിറ്റിയിൽ ഇടം നേടിയിരിക്കുകയാണെന്നും ഇതിനെതിരെയും പോരാട്ടം തുടരുകയാണെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു. ഓഡിറ്റിംഗ് വിഭാഗത്തിന് പരാതി നൽകിയിട്ടും തന്‍റെ ഭാഗം കേൾക്കാൻ തയ്യാറായിട്ടില്ലെന്ന ആരോപണവും കുഞ്ഞുമുഹമ്മദ് ഉയർത്തുന്നുണ്ട്. മാത്രമല്ല ലോക്കൽ കമ്മിറ്റി പാനലിൽ മത്സരിച്ച് തോറ്റ അംഗത്തെ വീണ്ടും ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുമുണ്ട്. അതേസമയം സിപിഎമ്മിലെ ഭിന്നത തന്നെയാണ് പുതിയ പരാതിക്ക് പിന്നിലെന്നാണ് സൂചന.