മലപ്പുറം: ആദ്യമായി ഗോത്ര വിഭാഗമായ ചോലനായ്ക്ക വിഭാഗത്തില്‍ നിന്നും ഒരാള്‍ പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നു. മലപ്പുറം ജില്ലയിലെ വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ സുധീഷാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. വഴിക്കടവ് ബ്ലോക്ക് ഡിവിഷനിലെ സുധീഷിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് ഇടതുപക്ഷം അഭിപ്രായപ്പെടുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുരാതന ഗോത്ര വിഭാഗമായ ചോലനായ്ക്കരിൽ നിന്ന് ആദ്യമായാണ് ഒരാൾ ജനവിധി തേടുന്നത്. ഈ അടുത്ത കാലം വരെ ഇവർ ഗുഹകളിൽ മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇതിനു പുറമേ മറ്റു ആദിവാസി വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ ജീവിതരീതിയാണ് ഇവര്‍ പുലർത്തിയിരുന്നത്. ജയിച്ചാല്‍ സമുദായത്തിന്‍റെ ജീവിത രീതികളില്‍ മാറ്റം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് സുധീഷിന്‍റെ ലക്ഷ്യം.
അളക്കൽ കോളനിയിൽ നിന്ന് പ്രചാരണം ആരംഭിച്ച സുധീഷ് തന്‍റെ വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണിപ്പോള്‍. ജയിച്ചാല്‍ ലോകചരിത്രത്തിൽ തന്നെ സുധീഷ് ഇടം പിടിച്ചേക്കാം. സുധീഷ് മത്സര രംഗത്ത് എത്തിയതോടെ ആദ്യമായി തങ്ങൾക്കും ഒരു ജനപ്രതിനിധിയെ സ്വന്തമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗോത്ര വിഭാഗത്തിൽപ്പെട്ട ചോലനായ്ക്കർ വിഭാഗം ഉൾപ്പെടെയുള്ളമറ്റു ആദിവാസി വിഭാഗങ്ങള്‍.