മലപ്പുറം : ജില്ലയിൽ ജമാഅത്ത് - ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്‍റ് (Solidarity Youth Movement) സംഘടിപ്പിച്ച പലസ്‌തീൻ അനുകൂല റാലിയിൽ ഹമാസ് മുൻ മേധാവി ഖാലിദ് മഷാൽ (Hamas former chief Khaled Mashal) പങ്കെടുത്തതിനെതിരെ ബിജെപി. സംഭവത്തിൽ, ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് ഒരു കൂട്ടം ഇസ്ലാമിക ഭീകരവാദികൾ തങ്ങളുടെ യഥാർഥ മനോഭാവം പ്രകടിപ്പിച്ചതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി ടി രമ പറഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറത്ത് പലസ്‌തീന് ഐക്യദാഢ്യം (Palestine Solidarity Rally) പ്രഖ്യാപിച്ച് സോളിഡാരിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ഹമാസ് നേതാവ് ഖാലിദ് മഷാൽ ഓൺലൈനായി പങ്കെടുത്തത്.
മലപ്പുറത്ത് നടന്നത് ഞെട്ടിക്കുന്ന സംഭവമെന്ന് രമ : ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയത്. മലപ്പുറത്ത് നടന്ന റാലിയിലെ ഖാലിദ് മഷാലിന്‍റെ സാന്നിധ്യം ഞെട്ടിക്കുന്ന വാർത്തായായിരുന്നു. ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്തും തെക്കേ അറ്റത്തുള്ള കേരളം എന്ന സംസ്ഥാനത്തും ഒരു കൂട്ടം ഇസ്‌ലാമിക ഭീകരർ തങ്ങളുടെ യഥാർഥ മനോഭാവം പ്രകടമാക്കിയത് വിഷമിപ്പിക്കുന്ന ഒരു വസ്‌തുതയാണ്. ജഗ്രത പുലർത്തണമെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.
കേരള പൊലീസ് എവിടെയെന്ന് കെ സുരേന്ദ്രൻ : അതേസമയം, വിഷയത്തിൽ പ്രതികരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സർക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഹമാസ് മുൻ മേധാവി മഷാൽ അറബി ഭാഷയിലാണ് സമ്മേളനത്തെ അഭിസംബോധന ചെയ്‌തത്. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ല. പിണറായി വിജയന്‍റെ കേരള പൊലീസ് എവിടെ? 'സേവ് പലസ്‌തീൻ' എന്ന മുദ്രാവാക്യത്തിന്‍റെ മറവിൽ ഹമാസിനെയും അതിന്‍റെ നേതാക്കളെ 'യോദ്ധാക്കൾ' ആയി വാഴ്‌ത്തുകയാണ് ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ഇസ്രയേലിനെതിരായ ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നതായും തീവ്രവാദത്തെ അതിന്‍റെ എല്ലാ രൂപത്തിലും ചെറുക്കുന്നതിന് അന്താരാഷ്‌ട്ര സമൂഹം ഒന്നിച്ചു നിൽക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി മുൻപ് പറഞ്ഞിരുന്നു. ദ്വിരാഷ്‌ട്ര പരിഹാരത്തിനായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് അനുകൂലമായ തങ്ങളുടെ നിലപാട് തങ്ങൾ അറിയിച്ചതാണ്. സാധാരണക്കാർ നേരിടുന്ന ആക്രമണങ്ങളിലും ആശങ്ക പ്രകടിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
മൂന്നാഴ്‌ച പിന്നിട്ട ഇസ്രയേൽ - ഹമാസ് ഏറ്റമുട്ടൽ വ്യോമാക്രമണവും കടന്ന് കരയുദ്ധത്തിലെത്തി നിൽക്കുമ്പോൾ പലസ്‌തീനിൽ 7,700 പേരും ഇസ്രയേലിൽ 1,400 ലധികം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.