മലപ്പുറം: പരിസ്ഥിതി ദിനത്തിൽ ബോധവൽക്കരണ ശിൽപം തീർത്ത് തിരൂർ സ്വദേശി ഷിബു വെട്ടം. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന മനുഷ്യനെ പുറകിൽ നിന്ന് പിടിച്ചു വലിച്ച് പിന്തിരിപ്പിക്കുന്ന പട്ടിയും മാലിന്യത്തിൽ കിടക്കുന്ന കുട്ടിയുടെ പൊക്കിൾ കൊടിയിലൂടെ ചെടി വളർന്നു വരുന്നതുമായ ശില്‍പമാണ് ഷിബു നിർമ്മിച്ചിരിക്കുന്നത്. സിമന്‍റും കമ്പിയും ഉപയോഗിച്ചാണ് ശിൽപം നിർമ്മിച്ചിരിക്കുന്നത്. പുഴകളിലും വഴിയോരങ്ങളിലും പാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്ന മനുഷ്യന്‍റെ പ്രവണത മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപം നിർമ്മിച്ചിരിക്കുന്നതെന്ന് ഷിബു പറഞ്ഞു.
രണ്ട് ദിവസം കൊണ്ടാണ് ശില്‍പ നിർമ്മാണം പൂർത്തിയാക്കിയത്. 16 വർഷക്കാലമായി ശില്‍പങ്ങള്‍ നിർമിച്ചു വരുന്ന ഷിബു മേക്കപ്പ്മാൻ കൂടിയാണ്. പ്രളയ സമയത്ത് ഷിബു നിർമ്മിച്ച ശില്‍പവും ഏറെ പ്രശസ്തി നേടിയിരുന്നു. ലഹരി ഉപയോഗത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയും അദ്ദേഹം ശില്‍പം നിര്‍മിച്ചിരുന്നു.