മലപ്പുറം: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായുള്ള സാമൂഹിക അകലം പ്രാവർത്തികമാക്കാൻ കേരളത്തിലെ പൊലീസുകാർ ഒന്നടങ്കം രാപ്പകല്‍ നെട്ടോട്ടത്തിലാണ്. മനുഷ്യർ എത്തുന്നിടത്തെല്ലാം പൊലീസിന്‍റെ കണ്ണ് എത്തണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷമാക്കാൻ കൊച്ച് വിരുതന്മാർ സ്വപ്നം കണ്ടിരുന്നപ്പോഴാണ് കൊവിഡെത്തിയത്. ലോക്‌ഡൗൺ ആയതോടെ കുട്ടികളെ വീട്ടിലിരുത്താൻ കഷ്ടപ്പെടുന്ന രക്ഷിതാക്കൾക്കും ആശ്വാസമാവുകയാണ് ഇപ്പോൾ അരീക്കോട് ജനമൈത്രി പൊലീസ്.
കുട്ടികളുടെ മാനസിക പ്രയാസങ്ങൾ മാറ്റാൻ കൃഷിപാഠം സംരംഭവുമായി എത്തിയിരിക്കുകയാണ് ജനമൈത്രി പൊലീസ്. ഇതുവഴി കുട്ടികളും രക്ഷിതാക്കളും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനും സ്റ്റേ അറ്റ് ഹോം പ്രാവർത്തികമാക്കാനും സാധിക്കും. കുട്ടികൾ അയൽ വീടുകളിലേക്ക് പോകുന്നതും ഇതിലൂടെ തടയാൻ കഴിയുന്നുണ്ട്. അന്യം നിന്ന് പോകുന്ന കൃഷിയെ തിരിച്ച് കൊണ്ട് വരിക എന്നൊരു ലക്ഷ്യവുമുണ്ട്. ദൈനംദിന പ്രവർത്തികൾ റെക്കോർഡ് ചെയ്യുന്നതിലൂടെ ശാസ്ത്രാവബോധവും നിരീക്ഷണ പാടവവും വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
അരീക്കോട് വടക്കുംമുറി അരിയാറമ്പാറ പട്ടികജാതി കോളനിയിലെ കുട്ടികൾക്കാണ് പൊലീസുകാർ പയർ വിത്തും ഗ്രോബാഗും എത്തിച്ച് നൽകി പുതിയ പരീക്ഷണത്തിന് തുടക്കമിട്ടത്. വെറുതെ പയറ് നട്ടാൽ പോര എന്നാണ് പൊലീസ് മാമന്മാരുടെ നിർദേശം. ഓരോ ദിവസവും, വിത്ത് നട്ടത് മുതലുള്ള കാഴ്ചകൾ, പ്രവർത്തികൾ, ചെടിയിലുണ്ടാകുന്ന മാറ്റങ്ങൾ നാൾ വഴിക്കുറിപ്പുകളായി എഴുതുകയും വേണം. അത് പൊലീസുകാർ വന്ന് പരിശോധിക്കും.
അരീക്കോട് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ സന്തോഷ്, പ്രിൻസിപ്പൾ എസ്.ഐ നാസർ, സബ് ഇൻസ്പെക്ടർ സുഹൈൽ.കെ, ബീറ്റ് പൊലീസ് ഓഫീസർ അസ്ഹർ എന്നിവർ ചേർന്നാണ് പദ്ധതി പ്രാവർത്തികമാക്കിയത്. കോളനിയിലെ യു.പി ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന പത്ത് കുട്ടികൾക്കാണ് ജനമൈത്രി പൊലീസ് കൃഷി പാഠം ക്ലാസ് നല്‍കിയത്. എന്തായാലും ഈ കൊറോണക്കാലത്ത് കാർഷിക സംസ്കൃതിയുടെ ചെറു ചിത്രങ്ങൾ കൂടി കുട്ടി മനസിൽ ഇടംപിടിക്കും.