മലപ്പുറം: സർക്കാർ ഉത്തരവ് റവന്യൂ ഉദ്യോഗസ്ഥർ പാലിക്കുന്നില്ലെന്ന് ആരോപണവുമായി നാട്ടുകാർ. ചാലിയാർ ഉൾപ്പെടെ എട്ട് പുഴകളിൽ നിന്നും മണ്ണും മണലും ചെളിയും നീക്കം ചെയ്യാൻ റവന്യൂ വിഭാഗത്തിന്‍റെ ഉത്തരവ് ഉദ്യോഗസ്ഥർ പാലിക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. കഴിഞ്ഞ പ്രളയത്തിൽ വ്യാപകമായി മണ്ണും മണലും ചെളിയും അടിഞ്ഞുകൂടി ചാലിയാർ ഉൾപ്പെടെയുള്ള എട്ട് നദികൾ അപകടാവസ്ഥയിലാണ്. 2019 ഡിസംബർ 21നാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്. എന്നാൽ ഉത്തരവിറങ്ങി ഒന്നര മാസമായിട്ടും ചാലിയാർ പുഴയിലെ മണലും മണ്ണും ചെളിയും നീക്കാൻ നടപടികൾ ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പോത്തുകൽ, ചുങ്കത്തറ, നിലമ്പൂർ നഗരസഭാ പരിധികളിലായി ചാലിയാർ പുഴയിൽ നിന്ന് മാത്രമായി പ്രളയത്തിൽ 1.72 ലക്ഷം ക്യുബിക്ക് മീറ്റർ മണലും ചെളിയും മണ്ണും അടിഞ്ഞുകൂടിയതായി കണ്ടെത്തിയിട്ടുണ്ട്. മണലും മണ്ണും നീക്കുന്നതിന് ചില നിബന്ധനകളും ഉത്തരവിൽ പറയുന്നുണ്ട്. നടപടി വൈകിയാൽ അടുത്ത മഴക്കാലത്തെ അതിജീവിക്കാൻ നിലമ്പൂർ, ചുങ്കത്തറ, പോത്തുങ്കൽ ഭാഗങ്ങളിലെ പല പ്രദേശങ്ങൾക്കും കഴിയാതെ വരുമെന്ന അവസ്ഥയാണ്.