മലപ്പുറം: "കാശിന് വേണ്ടി എഴുതുക വയ്യ.. കഥയുടെയും കവിതയുടെയും കാതൽ ആനന്ദമാണ്..." പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യ ജീവിതത്തിനൊടുവില്‍ വിടവാങ്ങിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് സാഹിത്യ കേരളം യാത്രമൊഴി നൽകി. ജന്മനാടായ കുമരനല്ലൂരിൽ അമേറ്റിക്കരയിലെ വീട്ടുവളപ്പിൽ മൂത്തമകൻ വാസുദേവൻ അക്കിത്തത്തിന്‍റെ ചിതയ്ക്ക് തീ കൊളുത്തി.
കേരള സാഹിത്യ അക്കാദമിയിലെ പൊതുദർശനത്തിന് ശേഷമാണ് മഹാകവിയുടെ ഭൗതിക ശരീരം സ്വവസതിയായ അമേറ്റിക്കരയിലെ ദേവയാനത്തിലെത്തിച്ചത്. അവിടെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പുഷ്‌പചക്രം സമർപ്പിച്ചു. തൃത്താല എംഎൽഎ വി.ടി ബൽറാം ഉൾപ്പെടെ നിരവധി പ്രമുഖർ അക്കിത്തത്തിന് അന്തിമോപചാരം നൽകി. പൊതുദർശനത്തിനു ശേഷം നാലരയ്ക്കാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്.
അക്രമോത്സുകതയെ തള്ളിപ്പറത്ത ഇതിഹാസ കലാകാരന് ബ്യൂഗിൾ വായിച്ചാണ് ഔദ്യോഗിക ബഹുമതി നൽകി യാത്രയാക്കിയത്. രണ്ട് വർഷം മുൻപ് വിട വാങ്ങിയ പ്രിയപത്നി ശ്രീദേവി അന്തർജനം അന്ത്യവിശ്രമം കൊള്ളുന്നതിന് സമീപമാണ് മഹാകവിക്കും ചിതയൊരുക്കിയത്. മൂത്ത മകൻ അക്കിത്തം വാസുദേവൻ നമ്പൂതിരി ചിതയ്ക്ക് തീ കൊളുത്തി. വെളിച്ചെത്തിലെ ദു:ഖത്തിനപ്പുറം തമസിൽ സുഖം കണ്ടെത്തിയ കാവ്യ സൂര്യൻ അസ്‌തമയ സൂര്യനെ സാക്ഷിയാക്കി യാത്രയായി..