മലപ്പുറം: കൊവിഡ്-19നെ ചെറുക്കാൻ ഇന്ത്യ മുഴുവൻ കർഫ്യൂവും അതീവ ജാഗ്രതയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ വൈറസിനെതിരെ പ്രതിരോധം തീർക്കാൻ മാർഗങ്ങൾ ചൂണ്ടിക്കാട്ടിയും കൂട്ടുകാരുടെ ക്ഷേമം തിരക്കിയുമുള്ള പോസ്റ്റ്‌കാർഡുകൾ അയച്ച് ശ്രദ്ധേയയാവുകയാണ് അച്ചുവെന്ന അനന്യ. നിലമ്പൂർ മാനവേദൻ സ്‌കൂളിലെ ആറാംക്ലാസുകാരിയാണ് അച്ചു. നിലമ്പൂർ റെയിൽവെ സ്റ്റേഷന് സമീപം ഡിപ്പോക്കടുത്താണ് അച്ചുവിന്‍റെ വീട്. ഒഴിവുകാലം വീട്ടിലിരുന്ന് ആസ്വദിക്കുമ്പോഴും കൂട്ടുക്കാരെ കുറിച്ചും നാടിനെക്കുറിച്ചുമുള്ള ആധിയാണ് അച്ചുവിന്‍റെ മനസ് നിറയെ. ഒടുവിൽ തന്‍റെ കുടുക്കയിലെ നാണയതുട്ടുകൾ മുടക്കി പോസ്റ്റ്‌കാർഡുകൾ വാങ്ങുകയായിരുന്നു ഈ കൊച്ചുമിടുക്കി. പിന്നീട് സ്വയം കോറിയിട്ട വരകൾ ഇങ്ങനെ..
"ഞാൻ അച്ചുവാണ് (അനന്യ). നിനക്ക് സുഖമാണെന്ന് കരുതുന്നു. എനിക്കിവിടെ സുഖമാണ്. നമ്മുടെ നാട് വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണല്ലോ. കൊറോണ വൈറസ് ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയിരിക്കുകയാണ്. നമ്മുടെ നാട്ടിലും ഇത് എത്തിക്കഴിഞ്ഞു. സർക്കാർ തരുന്ന എല്ലാ നിർദേശങ്ങളും നാം പാലിക്കണം. വൈറസിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയാണ്. ഇടക്കിടക്ക് കൈ നല്ലവണ്ണം കഴുകി വൃത്തിയാക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കൂ. എന്ന് സ്വന്തം അച്ചു.. "
അച്ചുവിന്‍റെ കത്ത് സോഷ്യൽ മീഡിയയിലും തരംഗമാവുകയാണ്. പ്ലസ്‌ടു വിദ്യാർഥിയായ അഥേനയാണ് അച്ചുവിന്‍റെ സഹോദരി. ഇരുവരും പഠനത്തിലെന്ന പോലെ കലാരംഗത്തും പ്രതിഭ തെളിയിച്ചവരാണ്. നിലമ്പൂർ വ്യാപാര വ്യവസായ സമിതി ബാങ്കിന്‍റെ സെക്രട്ടറിയായ ദേവാനന്ദിന്‍റെയും പുല്ലങ്കോട് സ്‌കൂൾ അധ്യാപികയായ രജിതയുടെയും മകളാണ് അച്ചു.