കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മാവൂർ പാടത്ത് അറുപതോളം കർഷകർ കൃഷി ചെയ്യുന്നുണ്ട്. നെല്ലും വാഴയുമാണ് പ്രധാന കൃഷി. പക്ഷേ പകലും രാത്രിയുമില്ലാതെ കൃഷി നശിപ്പിക്കാനെത്തുന്ന പക്ഷികളെയും മൃഗങ്ങളെയും ഭയന്നാണ് ഈ കർഷകരുടെ ജീവിതം. നീലക്കോഴി, തത്ത എന്നിവ പകലും രാത്രിയില്‍ കാട്ടുപന്നിയുമാണ് മാവൂർ പാടത്തെ കർഷകർക്ക് ഭീഷണിയാകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പകല്‍ രാത്രി വ്യത്യാസമില്ലാതെ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർക്ക് ഇരുപത്തിനാല് മണിക്കൂറും വയലിൽ കാവൽ നിൽക്കേണ്ട ഗതികേടാണ്.
വളത്തിന്‍റെ വില വർധനയും കാർഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകർച്ചയും മൂലം പൊറുതി മുട്ടിയ കർഷകർക്ക് വലിയ പ്രതിസന്ധിയാണ് കാട്ടുപന്നി ശല്യം. കൊയ്തെടുക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് കാട്ടുപന്നികളും നീലക്കോഴികളും വയലിലിറങ്ങി കൃഷി നശിപ്പിച്ചത്.
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി പഞ്ചായത്ത് മുതല്‍ വനംവകുപ്പ് വരെയുള്ള ഉദ്യോഗസ്ഥരെ കണ്ട് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഇവർ പറയുന്നത്. അതേസമയം ചാത്തമംഗലം വെള്ളനൂരിലെ വിരിപ്പിൽ പാടത്ത് കാട്ടുപന്നി ശല്യം നേരിടാൻ കെട്ടിയ മതില്‍ സാമൂഹിക വിരുദ്ധർ തകർത്തതായും പരാതിയുണ്ട്.
also read: കാട്ടുപന്നിയും ആഫ്രിക്കന്‍ ഒച്ചും; ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് കണ്ണീര്‍ കാലം, ജീവനും ഭീഷണി