കോഴിക്കോട്: ജില്ലയില്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം. നാദാപുരം കല്ലാച്ചിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ തിങ്കളാഴ്‌ച രാത്രി ബോംബേറുണ്ടായി. ഓഫീസിലെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആളപായമില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പ്രതികരിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.
കക്കോടിയിലും കുരുവട്ടൂരിലും കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഓഫീസിലെ കമ്പ്യുട്ടറുകള്‍, ടിവി തുടങ്ങിയ ഉപകരണങ്ങള്‍ അടിച്ച് തകര്‍ത്തു. വാതിലുകള്‍, കസേരകള്‍ തുടങ്ങിയവയും നശിപ്പിച്ചിട്ടുണ്ട്. എതാണ്ട് ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. കുരുവട്ടൂരിലും പൊയിൽക്കാവിലും കോൺഗ്രസ് കമ്മിറ്റി ഓഫീസുകളും അടിച്ചു തകർത്തു. കുണ്ടായിത്തോടിൽ അബ്‌ദുറഹ്‌മാൻ ലൈബ്രറിയും അടിച്ചു തകർത്തെന്നാണ് ആരോപണം. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കോഴിക്കോട് കമ്മിഷണർ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കമ്മിഷണർ ഓഫീസിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.