കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഒരുക്കി. വോട്ടെണ്ണലിനായി കൂടുതൽ ടേബിളുകൾ നിരത്തിയാണ് സജ്ജീകരണം. 617 കൗണ്ടിങ് സൂപ്പർവൈസർമാർ, 750 കൗണ്ടിങ് അസിസ്റ്റന്‍റുമാർ, 837 മൈക്രോ ഒബ്‌സർവർമാർ, വരണാധികാരികൾ, ഉപ വരണാധികാരികൾ, ഡാറ്റാ എൻട്രി, ടാബുലേഷൻ ഉദ്യോഗസ്ഥർ എന്നിങ്ങനെ വോട്ടെണ്ണലിനായി ജീവനക്കാരെയും നിയോഗിച്ചു.
More Read: വോട്ടെണ്ണൽ ദിനത്തിലെ കൊവിഡ് മാർഗ നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി
വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ബുധനാഴ്ച പൂർത്തിയായി. വിവരങ്ങൾ എൻകോർ പോർട്ടൽ വഴി തത്സമയം ലഭ്യമാക്കും. ഉദ്യോഗസ്ഥർക്കും സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്‍റുമാർക്കുമായിരിക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം. തെർമൽ സ്‌കാനിങ്, മാസ്‌ക്, സാനിറ്റെസർ, സാമൂഹിക അകലം എന്നിവ ഉറപ്പാക്കും.