കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്. പന്നിയങ്കര എസ്എച്ച്ഒ എൻഐഎ കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. അലനെതിരെ ധർമ്മടം പൊലീസ് എടുത്ത കേസിനെ തുടർന്നാണ് നടപടി.
കണ്ണൂർ പാലയാട് ലോ കോളേജ് കാമ്പസിൽ വച്ച് അലൻ മർദിച്ചെന്ന എസ്എഫ്ഐക്കാരുടെ പരാതിയിലായിരുന്നു കേസ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. അലൻ ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പന്നിയങ്കര പൊലീസിനോടായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.
കണ്ണൂർ യൂണിവേഴ്‌സിറ്റി പാലയാട് കാമ്പസിലെ നാലാം വർഷ എല്‍എല്‍ബി വിദ്യാർഥിയാണ് അലൻ ഷുഹൈബ്. ഒന്നാം വർഷ എല്‍ എല്‍ ബി വിദ്യാർഥിയായ അഥിൻ്റെ നേതൃത്വത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർഥിയായ ബദ്രുദീനെ മർദിച്ചുവെന്നാരോപിച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കം. മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അലൻ്റെ നേതൃത്വത്തിൽ വിദ്യാർഥി കൂട്ടായ്‌മ കാമ്പസിൽ പ്രതിഷേധിച്ചു.
തൊട്ടുപിന്നാലെ അലൻ ഷുഹൈബ്, ബദ്രുദ്ദീൻ എന്നിവർ മർദിച്ചു എന്ന് കാണിച്ച് അഥിൻ പൊലീസിൽ പരാതി നൽകി. ഇവർ റാഗ് ചെയ്‌തുവെന്നാരോപിച്ച് കോളജ് പ്രിൻസിപ്പലിനും പരാതി നൽകി. പൊലീസ് കസ്റ്റഡിയിലെടുത്ത അലനെ മർദനത്തിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിടുകയായിരുന്നു.