കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ യുഡിഎഫ് ഇടപെടുന്നു. പന്തീരാങ്കാവിൽ പൊലീസ് അറസ്റ്റ് ചെയ്‌ത അലന്‍റെയും താഹയുടെയും വീട് ചൊവ്വാഴ്‌ച രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിക്കും. വിദ്യാര്‍ഥികളുടെ അറസ്റ്റിനെതിരെ സിപിഎമ്മിനെതിരെ സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്‍റെ ഇടപെടല്‍. അലനും താഹായും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും തങ്ങൾ സിപിഎം പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ഥികൾ പറയുന്നത്.
യുഡിഎഫിന്‍റെ ഇടപെടലിന്‍റെ ആദ്യഘട്ടമായി പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ തിങ്കളാഴ്‌ച അലന്‍റെയും താഹയുടെയും വീട് സന്ദര്‍ശിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും പി.ജയരാജന്‍റെയും ഇടപെടല്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയിൽ വിധി പറയേണ്ട സംഭവം മുഖ്യമന്ത്രിയുടെ നിലപാടിലൂടെ വിധി പറഞ്ഞതിന് തുല്യമാണ്. മുഖ്യമന്ത്രിയുടെയും ചില സിപിഎം നേതാക്കളുടെയും നിലപാടിന് പിന്നിൽ ചില നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ടെന്നും മുനീർ കുറ്റപ്പെടുത്തി. കേസിന്റെ പിന്നിലെ യഥാർഥ വസ്‌തുതകൾ പുറത്ത് കൊണ്ട് വരാൻ യുഡിഎഫ് ഗൗരവമായി ഇടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.