കോഴിക്കോട്: ജനകീയ പ്രതിഷേധത്തിന് ഫലം കണ്ടു. ഒരു ഇടവേളയ്‌ക്ക് ശേഷം ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി. ആദ്യമായി നിർത്തിയ ട്രെയിനിന് ആരതി ഉഴിഞ്ഞ് ശുഭയാത്ര നേർന്നു.
കോഴിക്കോട് - കണ്ണൂർ ഫാസ്റ്റ് പാസഞ്ചറിനെയാണ് ആഘോഷത്തോടെ വരവേറ്റ് യാത്രയാക്കിയത്. കൊവിഡിന് മുൻപ് നിർത്തിക്കൊണ്ടിരുന്ന 16607 കണ്ണൂർ - കോയമ്പത്തൂർ,16608 കോയമ്പത്തൂർ - കണ്ണൂർ, 16610 മംഗലാപുരം - കോഴിക്കോട്, 16609 തൃശൂർ - കണ്ണൂർ ട്രെയിനുകൾ ഇനി ചേമഞ്ചേരിയിൽ നിർത്തും. അവഗണനയിൽ കാടുമൂടിയ ദക്ഷിണേന്ത്യയിലെ ഏക സ്വതന്ത്ര്യ സമര സ്‌മാരകമായ ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടിയതിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.
സ്വാതന്ത്ര്യ സമരത്തിന്‍റെ ഓർമകളുറങ്ങുന്ന ചേമഞ്ചേരി റെയിൽവെ സ്റ്റേഷനെ ചരിത്ര സ്‌മാരകമാക്കണം എന്നാവശ്യപ്പെട് ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഓഗസ്റ്റ് വിപ്ലവത്തിന്‍റെ എൺപതാം വാർഷിക ദിനത്തിലാണ് റെയിൽവേ പ്ലാറ്റ്ഫോമിൽ ജനങ്ങൾ ജാതി-മത രാഷ്‌ട്രീയം മറന്ന് ഒത്തുകൂടിയത്. നിരന്തമായ ഇടപെടലുകൾക്ക് പിന്നാലെയാണ് ചേമഞ്ചേരിയിൽ വീണ്ടും ചുളം വിളി ഉയർന്നത്. കാടുമൂടിക്കിടക്കുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരം കുടുംബശ്രീ, സന്നദ്ധ പ്രവർത്തകരും ചേർന്ന് ഗാന്ധിജയന്തി ദിനത്തിൽ ശുചീകരിച്ചിരുന്നു.