കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നാലാം പ്ലാറ്റ്ഫോമിലേക്ക് ഉള്ള റോഡിനു സമീപത്തെ ഓവുചാലിൽ നിന്ന് കക്കൂസ് മാലിന്യം തുടർച്ചയായി പുറംതള്ളുന്നു. റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് ഓട വരുന്ന ഭാഗത്തെ ചില കെട്ടിടങ്ങളിൽ നിന്ന് രാത്രിയിൽ മാലിന്യം ഒഴുക്കി വിടുകയാണെന്ന് ദുരിതമനുഭവിക്കുന്ന വ്യാപാരികൾ പറഞ്ഞു. മാലിന്യം ഇതുപോലെ പുറംതള്ളാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. കോർപ്പറേഷനിലും ഹെൽത്ത് ഓഫീസർക്കും പരാതി നൽകിയിട്ടും ഇതിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് സമീപത്തുള്ള കടക്കാർ പറയുന്നു.
മാലിന്യം വീണ്ടും ഒഴുക്കി വിട്ടപ്പോൾ പ്രശ്‌നത്തിന്‍റെ രൂക്ഷത കാണിച്ച് ഹെൽത്ത് ഓഫീസറെ വീണ്ടും കാര്യം അറിയിച്ചു. അദ്ദേഹം ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുദിവസം മുൻപ് ക്ലോറിനേഷൻ നടത്തി. എന്നാൽ രാത്രിയിൽ വീണ്ടും മനുഷ്യവിസർജ്യം അടക്കമുള്ള മാലിന്യം തുറന്നു വിടുകയാണ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. മഴപെയ്താൽ വെള്ളം പൊങ്ങുന്ന ഇവിടെ മലിനജലത്തിൽ ചവിട്ടി വേണം നാട്ടുകാർക്ക് പോകാൻ. ഓടകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ കൊതുക് ശല്യം രൂക്ഷമാണ്. മൂക്കുപൊത്താതെ ഇതുവഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇതിനൊരു ശാശ്വത പരിഹാരം എടുത്തില്ലെങ്കിൽ "റോഡിൽ പ്രവേശനമില്ല "എന്ന ബോർഡ് റോഡിൽ തടസം വെച്ച് യാത്രക്കാരെ പിന്തിരിപ്പിക്കുമെന്ന് നാട്ടുകാർ പറയുന്നു.