കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തു കേസിൽ മൂന്ന് പേർ കൂടി പിടിയിലായി. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓടമുണ്ട ജയ്സൽ ,കൊളപ്പാടൻ നിസാം, കൊടുവള്ളി വാവാട് സ്വദേശി കൊന്നോത്ത് റിയാസ് എന്നിവരാണ് പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ ജില്ലാ അതിർത്തിയിൽ വച്ച് വഴിക്കടവ് പൊലീസിന്‍റെ സഹായത്തോടെയാണ് കുടുക്കിയത്.
നിരവധി കേസുകളിലെ പ്രതികള്‍
കരിപ്പൂർ എയർപോർട്ടിൽ എത്തിയ യാത്രക്കാരനെ തട്ടികൊണ്ടു പോയി മർദ്ദിച്ച് സാധനങ്ങൾ കവർച്ച ചെയ്ത സംഭവത്തിലാണ് എടവണ്ണ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിയായ യുവാവിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചതിനും, പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ചതിനും, അനധികൃത മണൽ കടത്തിനും പ്രതികൾക്കെതിരെ നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്.
പ്രതികളുടെ പക്കൽ നിന്നും സ്വർണമിടപാടിന്‍റെ രേഖകളും മാരകായുധങ്ങളും ലഭിച്ചതായി പൊലീസ് അറിയിച്ചു. പിടിയിലായ റിയാസ് കൊടുവള്ളി സംഘത്തിലെ പ്രധാനിയാണ്. പ്രതികളുടെ വീടുകളിലും അറസ്റ്റിനെ തുടർന്ന് തെളിവെടുപ്പ് നടത്തി. ഇവിടന്ന് ലഭിച്ച രേഖകൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കരിപ്പൂർ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. 15 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
Also read: വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ പക്കൽ നിന്നും 2.50 ലക്ഷം രൂപ പിടിച്ചെടുത്തു