കോഴിക്കോട്: പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്‌ത സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബിനും താഹ ഫസലിനുമൊപ്പമുണ്ടായിരുന്ന മൂന്നാമൻ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്‌മാൻ കേരളം വിട്ടതായി സംശയം. വനാതിർത്തി വഴി ഇയാൾ കേരളം വിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് -കര്‍ണാടക പൊലീസിന്‍റെ സഹായത്തോടെ ഉസ്‌മാനെകുറിച്ച് അന്വേഷിക്കാനാണ് തീരുമാനം. ഇതിനായി ഇരുസംസ്ഥാനങ്ങളോടും സഹായം ആവശ്യപ്പെടും.
നിലവിൽ ഒല്ലൂര്‍, മാനന്തവാടി, കരുവാരക്കുണ്ട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, പാണ്ടിക്കാട്, തൃശൂര്‍ ഈസ്റ്റ്, തിരുനെല്ലി, പുല്‍പ്പള്ളി എന്നീ സ്‌റ്റേഷനുകളിലായി ഉസ്‌മാനെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതില്‍ മൂന്നിടത്ത് യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ പോരാട്ടം പ്രവര്‍ത്തകനായിരുന്ന ഉസ്മാനെ 2016ലാണ് പൊലീസ് അവസാനമായി പിടികൂടുന്നത്. അന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും സിഡികളും പൊലീസ് പിടികൂടിയിരുന്നു. നിരോധിത സംഘടനയുടെ ലഘുലേഖ പിടിച്ചെടുത്തതിനെ തുടര്‍ന്ന് യുഎപിഎ കുറ്റം ചുമത്തി ജയിലലടിച്ചു. ആറു മാസത്തിനിടെ ജാമ്യം ലഭിച്ച ഉസ്മാന്‍ പുറത്തിറങ്ങിയ ശേഷം പിന്നീട് ഒളിവില്‍ പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് അര്‍ബൻ കമ്മറ്റികളിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കുന്നത് ഉസ്‌മാനായിരുന്നുവെന്നാണ് പൊലീസും രഹസ്യാന്വേഷണ വിഭാഗവും കരുതുന്നത്.