കോഴിക്കോട്: എൻഡിഎയുടെ അവസാനവട്ട പ്രചാരണത്തിന് സുരേഷ്ഗോപി എംപിയും ബിജെപി സംസ്ഥാന അധ്യഷൻ കെ.സുരേന്ദ്രനും ഒരുമിച്ച് കോഴിക്കോട് പ്രചാരണത്തിനിറങ്ങി. കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന സ്ഥാനാർഥി സംഗമത്തിലും പൊതുസമ്മേളനത്തിലും സുരേഷ് ഗോപി എം.പി പങ്കെടുത്തു. കേരളത്തിൽ ദുർഭരണത്തിൻ്റെ വിലയിരുത്തൽ നടത്തണമെന്നും സർക്കാരിൻ്റെ മുഖം മിനുക്കൽ തട്ടിപ്പിന് ജനങ്ങൾ വശംവദരാകരുതെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു.
സുതാര്യ ഭരണം, സർവ്വ സമ്മതി, അഴിമതി രഹിത ഭരണം എന്നിവ ഇന്ത്യയിൽ തുടരുകയാണ്. ഇത് മനസിലാക്കുന്ന കോൺഗ്രസുകാരനും മാർക്‌സിസ്റ്റുകാരനും താമരക്ക് വോട്ട് ചെയ്യും. വികസനത്തിന് തടയിടുന്ന നികൃഷ്‌ട രാഷ്ട്രീയത്തിന് തടയിടാൻ ബിജെപിക്ക് വോട്ട് നൽകണം. കലാകാരനെന്ന നിലയിൽ നരേന്ദ്ര മോദിയാണ് ആരാധ്യ പുരുഷൻ. മോദിയുടെ പ്രഥമ ശിഷൻ എന്നു പറയുന്നതിലും ബിജെപിക്കാരനെന്ന നിലയിലും അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കോർപറേഷൻ പരിധിയിലെ മുഴുവൻ സ്ഥാനാർഥികളും ബിജെപി നേതാക്കളായ എംടി.രമേശ്, വി.കെ.സജീവൻ, പി.രഘുനാഥ് തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.