കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിൽ ഒന്നായ കോഴിക്കോട് ജില്ലയിൽ ലോക്ഡൗൺ കർശനമായി നടപ്പാക്കാൻ ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം. ആദ്യ ദിനത്തിൽ ജില്ലയിലെ നിരത്തുകളിലെല്ലാം പൊലീസിന്‍റെ പരിശോധനയുണ്ടായിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചു. ലോക്ഡൗണിന്‍റെ ഭാഗമായി ജില്ലാ അതിർത്തികൾ അടച്ചു. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലേക്ക് പോകുന്നതും അവിടെനിന്നു വരുന്നതുമായ എല്ലാ വാഹനങ്ങളും അതിർത്തികളിൽ തടയും. മതിയായ കാരണം ബോധിപ്പിച്ചാൽ മാത്രമേ അന്തർജില്ലാ യാത്രകൾക്ക് അനുമതിയുള്ളു.
കോഴിക്കോട് നഗര പരിധിയിൽ ആയിരത്തോളം പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട 75 സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാഹന പരിശോധനയും കൊവിഡ് പ്രോട്ടോക്കോൾ ലംഘന പരിശോധനയും നടത്തും. നിയമലംഘകർക്കെതിരെ നിയമ നടപടി സ്വീകരിക്കും. റൂറൽ പൊലീസ് പരിധിയിൽ 1800 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞ ദിവസം മാസ്ക് ധരിക്കാത്തതിന് 513 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിനു 259 കേസുകളും രജിസ്റ്റർ ചെയ്തു. അനാവശ്യ യാത്ര നടത്തിയ 206 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.