കോഴിക്കോട് : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (44) ആണ് മരിച്ചത്. കണ്ണൂക്കരയിൽ വ്യാഴാഴ്‌ച രാത്രിയിലായിരുന്നു അപകടം. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ അനിൽ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുമ്പോൾ ഓട്ടോയുടെ മുന്നിലേക്ക് നായ ചാടുകയായിരുന്നു. ഉടൻ തന്നെ വാഹനം തലകീഴായി മറിഞ്ഞു. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ അനിൽ ബാബുവിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽ ബാബു മരിക്കുകയായിരുന്നു.
മൃതദേഹം വടകര ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. ഈ പ്രദേശത്ത് നേരത്തെ തെരുവുനായ ശല്യം രൂക്ഷമായിരുന്നു. പിന്നീട് ശല്യം കുറഞ്ഞെങ്കിലും ചെറിയ ഇടവേളക്ക് ശേഷം നായകളുടെ ശല്യം രൂക്ഷമായതായി നാട്ടുകാർ പറയുന്നു.
നായ കുറുകെ ചാടി ബൈക്ക് യാത്രകന്‍ മരിച്ചു : നായ റോഡിന് കുറുകെ ചാടി ഇരുചക്ര വാഹന യാത്രികനായ യുവാവ് മരിച്ച സംഭവം ഇക്കഴിഞ്ഞ ജൂണ്‍ 23നായിരുന്നു. എറണാകുളം ചേരാനല്ലൂർ കോതാട് വച്ചായിരുന്നു അപകടം ഉണ്ടായത്. മൂലംപ്പള്ളി സ്വദേശിയായ സാൾട്ടനാണ് (26) അപകടത്തിൽ മരിച്ചത്. പട്ടി കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം വിട്ട ബൈക്ക് കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്ക് തെറിക്കുകയായിരുന്നു.
രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായതെന്ന് വരാപ്പുഴ പൊലീസ് അറിയിച്ചു. ഹാര്‍ബര്‍ ഭാഗത്ത് നിന്നും മടങ്ങുകയായിരുന്ന ലോറിക്ക് അടിയിലേക്കാണ് ബൈക്ക് യാത്രികനായ യുവാവ് വീണത്. ഈ സമയം തനിക്ക് വാഹനം നിര്‍ത്താന്‍ സാധിച്ചിരുന്നില്ലെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു.
അതേസമയം, അപകടത്തിന് പിന്നാലെ ഈ പാതയില്‍ ഇരുചക്ര വാഹന യാത്രികര്‍ക്ക് നേരെ തെരുവ് നായ്‌ക്കള്‍ പതിവായി പാഞ്ഞടുക്കാറുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. പലപ്പോഴും രാത്രികാലങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി ഉണ്ടാകുന്നത്. രാത്രിയില്‍ റോഡില്‍ ഇറങ്ങുന്ന തെരുവ് നായ്‌ക്കള്‍ ഹോണ്‍ മുഴക്കിയാലും പോകാറില്ലെന്ന് പ്രദേശവാസികളില്‍ വ്യക്തമാക്കിയിരുന്നു.
ഈ മേഖലയില്‍ തെരുവ് നായ്‌ക്കള്‍ കാരണം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൂട്ടമായി പലപ്പോഴും നായ്‌ക്കള്‍ ഇവിടേക്ക് എത്താറുണ്ട്. ആളുകള്‍ ഈ മേഖലയില്‍ മാലിന്യം തള്ളാറുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.