കോഴിക്കോട്: ഖത്തറിലെ മുൻനിര ഫുട്ബോൾ ക്ലബ്ബായ 'അൽ സദി'നൊപ്പം കാൽ നൂറ്റാണ്ടായി ഒരു പയ്യോളിക്കാരൻ. പിപി മൂസ എന്ന അറുപത്തിനാലുകാരൻ ആ ക്ലബ്ബിൻ്റെ എല്ലാമെല്ലാമാണ്. കിറ്റ്മാൻ എന്നതാണ് തസ്തികയെങ്കിലും മാനേജരും പരിശീലകനും കളിക്കാർക്കും കോച്ചിനുമിടയിലെ തന്ത്രഞ്ജനുമെല്ലാമാണ് മൂസ.
അത്രയേറെ അടുപ്പം
അൽ സദിനൊപ്പം 25 വർഷം പ്രവർത്തിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൂസക്ക് ക്ലബ്ബ് കഴിഞ്ഞ ദിവസം ഒരു യാത്രയയപ്പ് നൽകി. താരങ്ങൾ എല്ലാം ചേർന്ന് കേക്ക് മുറിച്ച് ആലോഷമാക്കി. ആ കേക്കിന് മുകളിൽ അവർ എഴുതി 'മൂസ നന്ദി'. അത്രയേറെ അടുപ്പവും സ്നേവുമായിരുന്നു കളിക്കാർക്കും മൂസക്കുമിടയിൽ. അൽ സദിനു വേണ്ടി കളിച്ച സ്പെയിൻ സൂപ്പർ താരങ്ങളായ സാവി ഹെർണാണ്ടസ്, റൗൾ ഗോൺസാലസ് എന്നിവരുടെ കുടുംബ സുഹൃത്തായിരുന്നു മൂസ.
തുടക്കം നീന്തൽ കുളത്തിൻ്റെ ചുമതലക്കാരനായി
ഇരുപത്തിനാലാം വയസിൽ ബഹ്റൈനിലേക്ക് വിമാനം കയറിയതാണ്. അവിടെ നിന്ന് അറബിയും ഹിന്ദിയും ഇംഗ്ലീഷുമൊക്കെ നന്നായി വശത്താക്കി. 15 വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മൂസയുടെ മനസിൽ എന്തെങ്കിലും ബിസിനസ് എന്ന ആലോചനയായിരുന്നു. അറബിക് ഉൾപ്പെടെ ഭാഷകൾ അറിയുന്ന ആളുകൾക്ക് അവസരമുണ്ടെന ഖത്തറിലെ അൽ സദ് ക്ലബ്ബിൻ്റെ ആവശ്യത്തിന് മുന്നിൽ പിന്നെ മൂസ ഒന്നും നോക്കിയില്ല, വീണ്ടും വിമാനം കയറി.
നീന്തൽ കുളത്തിൻ്റെ ചുമതലക്കാരനായിട്ടായിരുന്നു ആദ്യ നിയമനം. മൂസയുടെ ഉത്തരവാദിത്തവും കൃത്യനിഷ്ഠയും കഴിവും തിരിച്ചറിഞ്ഞ ക്ലബ്ബ് മാനേജ്മെൻ്റ് മൂസയെ ഫുട്ബോൾ ക്ലബ്ബിനൊപ്പം ചേർത്തു. ക്ലബ്ബിനായി ബൂട്ട് കെട്ടിയ സാവി, റൗൾ, റൊമാരിയോ തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം ഫുട്ബോൾ ലോകത്ത് ചുറ്റിക്കറങ്ങിയ മൂസ പയ്യോളിയിലെ പടിഞ്ഞാറെ പുത്തൻപുരയിൽ വിശ്രമത്തിലാണ്.
1969ൽ സ്ഥാപിതമായ അൽ സദ് സ്പോർട്‌സ് ക്ലബ്ബ് ഖത്തറിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ഫുട്ബോൾ ക്ലബ്ബാണ്. ഏഷ്യൻ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ അറബ് ക്ലബ്ബായ അൽ സദ് 2011 ലെ ലോക ക്ലബ് ഫുട്ബോളിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.