കോഴിക്കോട് : അടിമുടി മാറ്റത്തോടെ സഞ്ചാരികളെ വരവേൽക്കാൻ കോഴിക്കോട് ബീച്ച് ഒരുങ്ങി. നവീകരിച്ച ബീച്ച് വ്യാഴാഴ്‌ച പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ജില്ല ഭരണകൂടത്തിന്‍റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിലായിരുന്നു നവീകരണം.
അണിഞ്ഞൊരുങ്ങി കോഴിക്കോട് ബീച്ച്
മലബാറിന്‍റെ ചരിത്രത്തിലെ നിര്‍ണായക ഇടമായ കോഴിക്കോട് കടപ്പുറത്തിന്‍റെ മൊഞ്ച് കൂട്ടുകയെന്ന ലക്ഷ്യത്തോടെ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സൗത്ത് ബീച്ച് മുതല്‍ വടക്ക് ഫ്രീഡം സ്ക്വയര്‍ വരെയാണ് നിര്‍മാണ പ്രവൃത്തികള്‍ നടന്നത്.
രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബീച്ചിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ് സോളസ് ആന്‍റ് സൊലൂഷനുമായി ചേര്‍ന്ന് ഡി.ടി.പി.സി നടത്തിയ വികസനം. സൗത്ത് ബീച്ചിന്‍റെ ചുവരുകളില്‍ തീര്‍ത്ത ചിത്രങ്ങള്‍ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാകും.
ബഷീര്‍ മുതൽ പപ്പു വരെ
കോഴിക്കോടിന്‍റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റക്കാട്, എം.എസ് ബാബുരാജ്, എം.ടി വാസുദേവന്‍ നായര്‍, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്‍റെ ചുമരുകളിലുള്ളത്.
ALSO READ: അനില്‍കാന്ത് സ്ഥാനമേറ്റു; സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവി
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ശുചിമുറികളും, കായിക പ്രേമികള്‍ക്കായി 3 റാംപുകളും സജ്ജീകരിച്ചിട്ടുണ്ട്. രാത്രിയിലും ബീച്ചിന്‍റെ സൗന്ദര്യം നിലനിര്‍ത്താന്‍ 176 ആധുനിക ലൈറ്റുകള്‍ വെളിച്ചം വിതറും.
കൂറ്റൻ ചെസ് ബോർഡും, പാമ്പും കോണിയും
ചെസ് ബോര്‍ഡ്, പാമ്പും കോണിയും എന്നിവയുടെ വലിയ മാതൃകയും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. കരുക്കള്‍ എടുത്ത് നീക്കി വയ്ക്കാന്‍ സാധ്യമാവുന്ന തരത്തിലാണ് ചെസ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ബീച്ചിലെത്തുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രാത്രിയും പകലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന നീരീക്ഷണ ക്യാമറകളുമുണ്ട്.
ന്യൂജനറേഷനെ ആകര്‍ഷിക്കുന്ന സെല്‍ഫി പോയിന്‍റാണ് മറ്റൊരു ആകർഷണം. ശുചീകരണം മുന്‍നിര്‍ത്തി മരത്തടിയിലുള്ള ചവറ്റുകുട്ടകളും ബീച്ചില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങുന്നതോടെ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപയുടെ വരുമാനം ഡി.ടി.പി.സിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.