കോഴിക്കോട്: ഇനി വരാന്‍ പോകുന്നത് യുഡിഎഫിന്‍റെ കാലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും ചെന്നിത്തല കാലിക്കറ്റ് പ്രസ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടന്ന തദ്ദേശീയം 2020 മീറ്റ് ദി ലീഡര്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎന്‍ രവീന്ദ്രന് സുരക്ഷ ഉറപ്പ് വരുത്തണം. അദ്ദേഹം കോടതിയില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുന്നത് ഭീഷണിയുള്ളത് കൊണ്ടാകാമെന്നും ചെന്നിത്തല പറഞ്ഞു. രവീന്ദ്രനെ ഡല്‍ഹി എയിംസിലെ വിദഗ്‌ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണം. റിവേഴ്‌സ് ഹവാലയിലെ ഉന്നത വ്യക്ത ആരാണെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന സ്വപ്‌ന സുരേഷിന്‍റെ രഹസ്യ മൊഴി അതീവ ഗൗരവതരമാണ്. അട്ടക്കുളങ്ങര ജയിലിലുണ്ടായ ഭീഷണിയെ കുറിച്ച് സമഗ്രമായി അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ആര്‍എസ്‌എസിന്‍റെ ശബ്ദമാണെന്നും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം പരാജയപ്പെടുമെന്ന് കടകംപള്ളി സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലത്തില്‍ അത് വ്യക്തമാക്കുമെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി. യുഡിഎഫില്‍ പൂര്‍ണഐക്യമുണ്ടെന്നും ഈ മണ്ണില്‍ ബിജെപിക്ക് വാഴാന്‍ സാധിക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു.