കോഴിക്കോട്: അപകടം തുടര്‍കഥയായ രാമനാട്ടുകര -വെങ്ങളം ബൈപ്പാസിനെ തിരിഞ്ഞ് നോക്കാതെ അധികൃതര്‍. മൂന്ന് വർഷത്തിനുള്ളിൽ 74 പേരുടെ ജീവനാണ് ബൈപ്പാസിൽ പൊലിഞ്ഞത്. പാലോറമല മുതൽ രാമനാട്ടുകര വരെയുള്ള 28 കിലോമീറ്റർ നാഷണൽ ഹൈവേ ബൈപാസ് റോഡ് അതിതീവ്ര വാഹനാപകട മേഖലയായി കഴിഞ്ഞവർഷമാണ് നാറ്റ്പാക് കണ്ടെത്തിയത്. ജില്ലയിൽ കണ്ടെത്തിയ 25 വാഹനാപകട മേഖലകളിൽ നാലെണ്ണം ഇവിടെയാണ്. മൂന്നര വർഷത്തിനിടയിൽ നഗരത്തിൽ ആകെ മരിച്ചത് 562 പേരാണ്. ഇതിൽ 74 പേർക്ക് ജീവൻ നഷ്ടമായത് ബൈപ്പാസിൽ. ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെടുന്നവരില്‍ ഏറെയും.
ബൈപ്പാസിൽ തെരുവുവിളക്കുകൾ ഇല്ലാത്തതിനാല്‍ റോഡിലെ മരണ കുഴികൾ മിക്കവരുടെയും ശ്രദ്ധയിൽപ്പെടാറില്ല. മഴക്കാലം തുടങ്ങിയതോടെ ബൈപ്പാസിന്‍റെ ഇരുവശത്തും കാടുകൾ തിങ്ങി വളർന്നു. ഇതുകാരണം സൈൻ ബോർഡും കാണാൻ സാധിക്കില്ല. ആറുവരിപ്പാതയായുള്ള റോഡ് വികസനം ഇഴഞ്ഞുനീങ്ങുകയാണ്. ബൈപാസ് റോഡ് വികസനം ഉടനടി നടന്നില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തികുമെന്ന് നാട്ടുകാര്‍ പറയുന്നു.