കോഴിക്കോട്: കാര്‍ഷിക ബില്‍ കര്‍ഷക വിരുദ്ധമെന്ന് മുദ്രകുത്തി കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോണ്‍ഗ്രസിന്‍റെ മാനിഫെസ്റ്റോയിലടക്കം പറഞ്ഞിട്ടുള്ള കാര്‍ഷിക ബില്ല് അവരെ കൊണ്ട് സാധിക്കാതെ വന്നപ്പോഴാണ് ബിജെപി യാഥാര്‍ഥ്യമാക്കിയതെന്നും മുരളീധരന്‍ പറഞ്ഞു. വിവാദമുണ്ടാക്കി പുതിയ വോട്ട് ബാങ്ക് സൃഷ്‌ടിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. മോദി സര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും മുരളീധരന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം ഉറപ്പാക്കാനാണ് കാര്‍ഷിക മേഖലയില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നത്. കൃഷിയിലേക്ക് യുവതലമുറയെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ മാറ്റങ്ങൾ അവതരിപ്പിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടങ്ങൾ കർഷകന് ലഭിക്കേണ്ട ലാഭത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്നുറപ്പാക്കുകയാണ് ഈ നിയമത്തിന്‍റെ കാതൽ. നിയമത്തിലൂടെ കര്‍ഷകന് സംസ്ഥാനത്തിന് അകത്തോ പുറത്തോ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയും.
കൃത്യസമയത്ത് ഉത്പന്നത്തിന്‍റെ വില കർഷകന്‍റെ കയ്യിൽ നേരിട്ടെത്തുന്നു. കൂടാതെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ, മികച്ച വിത്തുകൾ ഇവയൊക്കെ ലഭിക്കാനുളള സൗകര്യം കൂടി പുതിയ മാറ്റത്തിലൂടെ നിലവില്‍ വരും. ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ച കോൺഗ്രസിനില്ലാതെ പോയ രാഷ്ട്രീയ ഇച്ഛാശക്തി ആറ് വർഷത്തിനിടെ നരേന്ദ്ര മോദി സർക്കാർ കാട്ടിയതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. എപിഎംസികളെ നിലനിർത്തിക്കൊണ്ട് കർഷകന് പ്രാധാന്യം കിട്ടുന്ന വിധം വിപണിയെ കൊണ്ടുവന്നു എന്നുള്ളതാണ് ഇപ്പോഴത്തെ പരിഷ്കാരത്തിന്‍റെ മെച്ചമെന്നും വി.മുരളീധരൻ പറഞ്ഞു.