കോഴിക്കോട്/ ആലപ്പുഴ: നാടെങ്ങും ഇസ്ലാംമത വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു. നബിദിനത്തിന്‍റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് ആലപ്പുഴ ജില്ലയിൽ നടന്നത്. വിവിധ പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചും മീലാദ്ആഘോഷ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും നബിദിന റാലി സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ മത്സരങ്ങളും മധുര പലഹാര വിതരണവും ഉണ്ടായിരുന്നു. ആയിരക്കണക്കിന് ചെറു റാലികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചത്. ദഫ്മുട്ട്, അറബനമുട്ട്, കോൽക്കളി തുടങ്ങിയ കലാപരിപാടികളുടെ അകമ്പടിയോടെ, പ്രവാചക പ്രകീർത്തന കാവ്യമായ ബുർദയും മൗലീദും ആലപിച്ചു കൊണ്ടാണ് നബിദിന ഘോഷയാത്രകൾ നടത്തുന്നത്.
നബിദിന ആഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട് കുറ്റിക്കടവ് മഹല്ല് മിലാദ് കമ്മറ്റി യുടെ നേതൃത്വത്തിലും ഘോഷയാത്ര സംഘടിപ്പിച്ചു. ചെറൂപ്പ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലി കുറ്റിക്കടവിൽ നിന്ന് തുടങ്ങി ചെറൂപ്പ സമാപിച്ചു.