കോഴിക്കോട്: ജില്ലയിൽ ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു. സ്‌കൂൾ കുട്ടികളിലാണ് രോഗം വ്യാപിച്ചത്. പല സ്‌കൂളുകളിലും നേർ പകുതിയിൽ താഴെയാണ് നിലവില്‍ ഹാജർ നില. കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്കും രോഗം പടരുകയാണ്. പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കുമെന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്. ശ്രദ്ധിക്കാതിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.
എന്താണ് ചെങ്കണ്ണ്: കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്‌ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്‌ധനെ സമീപിക്കേണ്ടതാണ്.
രോഗ ലക്ഷണങ്ങള്‍: കണ്ണിന് ചുവപ്പ് നിറം, അമിത കണ്ണുനീര്‍, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്‍റെ ലക്ഷണം.
എത്ര ദിവസം വിശ്രമിക്കണം: ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരെയും നീണ്ടുനില്‍ക്കാം. ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്‌ധന്‍റെ നിര്‍ദേശ പ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക.