കോഴിക്കോട്: പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക്ക് ക്രിസ്മസ് ട്രീക്ക് പകരം ഒറിജിനൽ ക്രിസ്മസ് ട്രീ തന്നെ നട്ട് വളർത്തി വിൽപ്പനക്ക് എത്തിച്ചിരിക്കുകയാണ് വകുപ്പ്. ചൈനയിൽ നിന്നുൾപ്പെടെ വരുന്ന പ്ലാസ്റ്റിക് നിർമിത ക്രിസ്മസ് ട്രീകളിൽ മിക്കതും ആഘോഷങ്ങൾക്ക് ശേഷം ഉപേക്ഷിക്കപ്പെടുകയാണ്. മണ്ണിൽ അലിയാതെ പതിറ്റാണ്ടുകളോളം കിടക്കുന്ന ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പ്രകൃതിയിൽ നിന്ന് തന്നെ പരിഹാരം കണ്ടെത്തി അവതരിപ്പിക്കുകയാണ് കൃഷിവകുപ്പ്.
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ നിന്നായി നാലായിരത്തോളം ക്രിസ്മസ് ട്രീകളാണ് വിൽപ്പനയ്ക്ക് തയ്യാറായിരിക്കുന്നത്. ഗോൾഡൻ സൈപ്രസ് എന്ന ഇനമാണ് പേരാമ്പ്രയിലെ വിത്തുൽപ്പാദന കേന്ദ്രത്തിൽ എത്തിയിരിക്കുന്നത്. വടക്കേ അമേരിക്കയിലെ പസഫിക് വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള ഒരു ഇനം കോണിഫറസ് മരമാണ് സാന്തോസൈപാരിസ് നൂറ്റ്കാറ്റെൻസിസ് എന്നും അറിയപ്പെടുന്ന ഗോൾഡൻ സൈപ്രസ്. പച്ചയും മഞ്ഞയും സ്വർണ്ണ നിറവും ചേർന്ന ഒരു ജനപ്രിയ അലങ്കാര വൃക്ഷമാണിത്.
രണ്ടടി ഉയരമുള്ള ചെടി 250 രൂപയ്ക്ക് ലഭിക്കും. ഉയരം കൂടുന്നതിന് അനുസരിച്ച് വില കൂടും. ചെടി വളരുന്ന ചട്ടിക്കും ക്രിസ്മസിന്റെ സാന്നിധ്യവുമുണ്ട്. അഞ്ച് കൊല്ലം വരെ ഈ ചട്ടിയിൽ തന്നെ ചെടി വളരും. അത് കഴിഞ്ഞാൽ മാറ്റി നട്ടാൽ മതി. കൃഷി മന്ത്രി മുന്നോട്ട് വെച്ച പ്രകൃതിസൗഹൃദ ആശയം കൃഷി വകുപ്പിന് ചെറിയൊരു വരുമാന മാർഗ്ഗം കൂടിയാണ്.
also read: പ്ലാസ്‌റ്റിക് ക്രിസ്‌മസ് ട്രീകൾക്ക് വിട; ഒറിജിനലുമായി സർക്കാർ സീഡ് ഫാം