കോഴിക്കോട് : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഒരാളെ കൂടി അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി ബിജിത്തിനെ (27)യാണ് എൻഐഎ കൊച്ചി യൂണിറ്റ് കൽപറ്റയിൽ നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെ ബിജിത്തിനെ എൻഐഎ കോടതിയിൽ ഹാജരാക്കും. ഇതോടെ പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലാവരുടെ എണ്ണം മൂന്നായി. ബിജിത്തിനെ കേസിലെ നാലാം പ്രതിയായാണ് ഉൾപെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിജിത്തിനെ എൻ ഐ എ ചോദ്യം ചെയ്തിരുന്നു. കൂടാതെ എല്‍ദോ പൗലോസ്, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷ് പടച്ചേരി എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു. ബിജിത്ത്, എല്‍ദോ പൗലോസ് എന്നിവർ പെരുവയല്‍ ഗ്രാമ പഞ്ചായത്തിലെ ചെറുകുളത്തൂരില്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ അലന്‍റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്.
ചെറുകുളത്തൂര്‍ പരിയങ്ങാട്ടെ വാടക വീടും പരിസരവും പരിശോധിച്ച സംഘം ലാപ്‌ടോപ്പും പെന്‍ഡ്രൈവും അടക്കമുള്ളവ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ചില നിര്‍ണ്ണായക വിവരങ്ങളും ലഭിച്ചതായി അറിയുന്നു. ഒന്‍പത് മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്പ്ടോപ്പ്, ഇ റീഡര്‍, ഹാര്‍ഡ് ഡിസ്‌ക്, സിം കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് പരിശോധനക്കയച്ചത്. അടുത്തിടെയാണ് സി-ഡാക്കിൽ നിന്ന് ഫോറൻസിക് പരിശോധന ഫലം ലഭിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്.