കോഴിക്കോട് : ഒളവണ്ണയിലെ നമ്പിക്കുളം നവീകരണത്തിന് ശേഷം നാടിന് സമർപ്പിച്ചു (Olavanna Nambikulam Inaugurated After Renovation). നവീകരിച്ച നമ്പിക്കുളത്തിന്‍റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് (P A Muhammed Riyas) നിർവഹിച്ചു. ഒളവണ്ണ പഞ്ചായത്ത് അധികൃതര്‍ കോഴിക്കോട് ജില്ല പഞ്ചായത്തിന്‍റെ സഹായത്തോടെയാണ് കുളം പുതുക്കിപ്പണിഞ്ഞത്. ജലമയൂരം എന്ന പേരിൽ 20 ലക്ഷം രൂപ വിനിയോഗിച്ച് കുളം നവീകരിച്ചതിനു പുറമെ ഇതിനോട് ചേർന്ന് മനോഹരമായ വിശ്രമ കേന്ദ്രവും ഒരുക്കി.
ഒരുകാലത്ത് നിരവധി പേരുടെ ആശ്രയമായിരുന്നു കോഴിക്കോട് ഒളവണ്ണയിലെ നമ്പിക്കുളം. തലമുറകളായി നാട്ടുകാര്‍ നീന്തൽ പഠിക്കാനും കുളിക്കാനും മറ്റും ഈ ജലസ്രോതസ് ഉപയോഗിച്ചു പോന്നു. കാലം മാറിയതോടെ പ്രദേശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ കുളം നാശത്തിന്‍റെ വക്കിലെത്തി. ഉടമസ്ഥന്‍ ഒളവണ്ണ പഞ്ചായത്തിന് കൈമാറിയതോടെയാണ് ഇപ്പോൾ നമ്പിക്കുളത്തിന് പുതുജീവൻ വച്ചത്.