കോഴിക്കോട്: കള്ളാടി മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിനുള്ള ടെക്‌നിക്കൽ സപ്പോർട്ട് നൽകുന്നതിനായി തുരങ്കപാത ആരംഭിക്കുന്ന ആനക്കാംപൊയിൽ മറിപുഴ സന്ദർശിച്ച് നോർവീജിയൻ ജിയോടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡൊമിനിക് ലാങ്. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നോർവേ സന്ദർശനത്തിന്‍റെ തുടർച്ചയായാണ് സന്ദർശനം. തുരങ്കപാത നിർമാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് വിദേശ സന്ദർശനത്തിൽ കേരള സര്‍ക്കാരും നോർവെയും തമ്മിൽ ധാരണ പത്രം ഒപ്പിട്ടിരുന്നു.
ഏറ്റവും അനുയോജ്യമായ പദ്ധതിയാണിതെന്നും തുടർ നടപടികൾ സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡോമിനിക് ലാങ് പറഞ്ഞു. ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമാണത്തിന് ടെക്‌നിക്കൽ സപ്പോർട്ട് നൽകാനാണ് ഡൊമിനിക് ലാങ് സ്ഥലം സന്ദർശിക്കുന്നതെന്നും മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പദ്ധതി ആയതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയുണ്ടെന്നും എംഎൽഎ ലിന്‍റോ ജോസഫ് പറഞ്ഞു.
സന്ദർശനത്തിൽ സ്റ്റേറ്റ് പ്ലാനിങ് ബോർഡ് എക്സ്പേർട്ട് മെമ്പർമാരായ ഡോ. കെ രവി രാമൻ, ഡോ. നമശ്ശിവായം വി, ചീഫ് ഡിവിഷൻ പെർസ്പെക്റ്റീവ് പ്ലാനിംഗ് ഓഫിസർ ഡോ. സന്തോഷ് വി, ഡോ. ശേഖർ കുരിയാക്കോസ്, മെമ്പർ സെക്രട്ടറി, സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി, ബീരേന്ദ്ര കുമാർ, ഡെപ്. ചീഫ് എഞ്ചിനീയർ കൊങ്കൺ റെയിൽവേ, വിശ്വ പ്രകാശ്, സൂപ്രണ്ടിങ് എഞ്ചിനീയർ, പിഡബ്ല്യൂഡി, ഹാഷിം എക്‌സിക്യുട്ടീവ് എഞ്ചിനീയർ പിഡബ്ല്യൂഡി, മിഥുൻ അസി. എക്സി. എഞ്ചിനീയർ, പിഡബ്ല്യൂഡി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.