കോഴിക്കോട്: പ്രളയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മുസ്ലിം ലീഗ് മാവൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഖാദർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് ഓഫീസിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ച് വില്ലേജ് ഓഫീസിന് സമീപത്തു വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
ഈ പ്രതിഷേധം സൂചനയാണെന്നും ഇനിയും അധികൃതർ ഈ നില തുടർന്നാൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഖാദര്‍ മാസ്റ്റര്‍ പറഞ്ഞു. ഹബിബ് ചെറുപ്പ, മാവൂർ യൂത്ത് ലീഗ് പ്രസിഡന്‍റ് മുർതാസ് എം.പി, അഹമ്മദ് ചിറ്റടി, അഹമ്മദ് കുട്ടി, കെ.ഉസ്മാൻ, യു.എ. ഗഫൂർ, വി.കെ റസാഖ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.