കോഴിക്കോട്: പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത (More Nipah Relaxations). ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. തിങ്കളാഴ്‌ച മുതൽ അത് കർശന വ്യവസ്ഥകളോടെ തുറന്ന് പ്രവർത്തിക്കാൻ കഴിയുമോ എന്നതിൽ ഇന്നും നാളെയുമായി തീരുമാനമുണ്ടാകും.
മറ്റ് ജില്ലകളിൽ സാധാരണ രീതിയിൽ ക്ലാസ് തുടരുമ്പോൾ ജില്ല ഒന്നാകെ അടച്ചിട്ട നടപടിക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഓൺലൈൻ ക്ലാസുകൾ കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ഇല്ല എന്ന വിലയിരുത്തലും ജനങ്ങൾക്കിടയിലുണ്ട്.
അതിനിടെ വടകര താലൂക്കിലെ മുഴുവൻ കണ്ടെയ്ൻമെന്റ് സോണുകളും ഒഴിവാക്കി. എന്നാൽ പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്‍റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്‍റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്‍റൈനിൽ തുടരേണ്ടതാണ്. വടകര താലൂക്കിൽ നിപ പോസിറ്റീവ് ആയവരുമായും സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും ഇതിനകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.
ഇതോടൊപ്പം ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും കോഴിക്കോട് കോർപറേഷനിലെ 43,44,45,46,47,48,5 വാർഡുകളിലും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. ഇതുപ്രകാരം കണ്ടൈൻമെന്‍റ് സോണിലെ എല്ലാ കട കമ്പോളങ്ങളും രാത്രി എട്ട് മണി വരെ തുടർന്ന് പ്രവർത്തിപ്പിക്കാം. കണ്ടൈൻമെന്‍റ് സോണിലെ എല്ലാ ബാങ്കുകളും ട്രഷറിയും ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തിക്കാം.
മറ്റ് നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും. അതേസമയം സമ്പർക്ക പട്ടികയിൽ ഉളള ആളുകളും നിരീക്ഷണത്തിലുള്ള ആളുകളും കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്‍റൈനിൽ കഴിയേണ്ടതുമാണെന്ന് ജില്ല കലക്‌ടർ അറിയിച്ചു. നിപ ജാഗ്രതയെ തുടർന്ന് സൂചന 4 പ്രകാരം പൊതുവായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരും.
എല്ലാവരും മാസ്‌കും സാനിറ്റെെസറും നിർബന്ധമായും ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതാണെന്നും ജില്ല കലക്‌ടർ അറിയിച്ചു. തുടർച്ചയായ ആറാം ദിനവും മുഴുവൻ പരിശോധന ഫലവും നെഗറ്റീവാണ്. നിലവിൽ 981 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. കൂടുതൽ പരിശോധന ഫലം ഇന്ന് പുറത്ത് വരും.
ALSO READ:Nipah Virus Prevention: എന്താണ് നിപ? കൂടുതൽ അറിയാം.. പ്രതിരോധിക്കാം..
എന്താണ് നിപ: നിപ വൈറസ് എന്നാൽ ഹെനിപാ വൈറസ് ജീനസിലെ പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. നിപ എന്നത് സൂണോട്ടിക് വൈറസാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ആർഎൻഎ വൈറസാണിത്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ആണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരുമായി ഇടപഴകുന്നവരിലേക്ക് ഈ രോഗം പകരാം. അതിനാൽ രോഗിയെ പരിചരിക്കുന്നവരും ആശുപത്രി ജീവനക്കാരും കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വൈറസ് ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ച് നാല് മുതൽ 14 ദിവസം കഴിയുമ്പോഴാണ് . ചിലപ്പോൾ ഇത് 21 ദിവസം വരെയും ആകാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ അപൂർവമായി ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്‌ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.