കോഴിക്കോട്: ഒഎല്‍എക്‌സിൽ വില്‍പനക്ക് വച്ച കോഴിക്കോട് നല്ലളം സ്വദേശിയുടെ ആപ്പിൾ ഐ പാഡ് വാങ്ങാനെന്ന വ്യാജേനെ 20 ലക്ഷം രൂപ തട്ടിയ കേസിലെ പ്രധാന പ്രതിയെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തു. ബെംഗളൂരുവിൽ താമസിക്കുകയായിരുന്ന നൈജീരിയൻ സ്വദേശി അകൂച്ചി ഇഫാനി ഫ്രാന്‍ക്ലിനെയാണ് ബെംഗളൂരുവിലെത്തി കോഴിക്കോട് സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിൽ എടുത്ത്.
നിരവധി മൊബൈൽ ഫോൺ നമ്പറുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരീക്ഷിച്ച് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയതെന്നും പ്രതിയുടെ കൈയിൽ നിന്നും സാമ്പത്തിക തട്ടിപ്പുകൾക്കായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കണ്ടെടുത്തതായും സി ഐ ദിനേശ് കോറോത്ത് പറഞ്ഞു. 2022 മാർച്ച് മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
ഒഎല്‍എക്‌സില്‍ വില്‍പനക്ക് വച്ച കോഴിക്കോട് നല്ലളം സ്വദേശിയുടെ ആപ്പിൾ ഐ പാഡ് വാങ്ങാനെന്ന വ്യാജേന പരാതിക്കാരനെ പ്രതികള്‍ ബന്ധപ്പെടുകയായിരുന്നു. ശേഷം അമേരിക്കയിലെ ഒരു പ്രമുഖ ബാങ്കില്‍ അക്കൗണ്ട് ഉള്ള വ്യക്തിയാണെന്ന് പരിചയപ്പെടുത്തി. ഐ പാഡിനായി പണം നിക്ഷേപിച്ചതായി കാണിക്കുന്ന ബാങ്കിന്‍റെ വ്യാജ രേഖ ഇമെയില്‍ വഴി അയക്കുകയും ചെയ്‌തു.
പിന്നീട് ആര്‍ ബി ഐ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ബന്ധപ്പെടുകയും അക്കൗണ്ടില്‍ വന്ന പണത്തിന്‍റെ ജിഎസ്‌ടി അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. പരാതിക്കാരനിൽ നിന്ന് 20 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ കൈക്കലാക്കി. തന്നെ വഞ്ചിക്കുകയാണെന്ന് മനസിലാക്കിയ നല്ലളം സ്വദേശി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ 2022 മാർച്ച് മാസം കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. കേസില്‍ നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്‌തിരുന്നു. അവരില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ആണ് പ്രധാന പ്രതിയായ നൈജീരിയന്‍ സ്വദേശിയെ ഇപ്പോള്‍ പിടികൂടിയത്.