കോഴിക്കോട്: ആര് അനുമതി നൽകിയില്ലെങ്കിലും പലസ്‌തീൻ ഐക്യദാർഢ്യ റാലി നടത്തുമെന്ന് എംകെ രാഘവൻ എംപി. റാലിയില്‍ ശശി തരൂര്‍ എംപിയെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംകെ രാഘവന്‍ എംപി. നവംബര്‍ 23ന് കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് എംപി പ്രതികരണവുമായെത്തിയത്.
ഞങ്ങള്‍ റാലിയായിട്ട് മുന്നോട്ട് പോകും. അതില്‍ യാതൊരു വ്യത്യാസവുമില്ലെന്നും പ്രത്യേകിച്ചും പലസ്‌തീന്‍ വിഷയമായത് കൊണ്ട് അതില്‍ നിന്നും പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എംപി പറഞ്ഞു. പലസ്‌തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എക്കാലവും എടുത്ത നിലപാടുമായി മുന്നോട്ട് പോകും. ആര് തടുത്താലും ആര് നിഷേധിച്ചാലും റാലി റാലിയായിട്ട് തന്നെ നടത്താനാണ് തീരുമാനമെന്നും അതുമായി മുന്നോട്ട് പോകുമെന്നും എംപി വ്യക്തമാക്കി.
ഈ മാസം 23ന് കോഴിക്കോട് കടപ്പുറത്ത് നടത്താനിരുന്ന പരിപാടിക്കാണ് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്. നവകേരള സദസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നവംബര്‍ 25നാണ് കടപ്പുറത്ത് നവകേരള സദസ് നടക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയാണ് നവകേരള സദസ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കാന്‍ ജില്ല ഭരണകൂടം അനുമതി നല്‍കാതിരുന്നത്.
സിപിഎം ഇരട്ടത്താപ്പ് മനസിലായി: വിഷയത്തില്‍ ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാറും പ്രതികരിച്ചു. റാലിയ്‌ക്ക് അനുമതി നിഷേധിച്ചതിലൂടെ സിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് വ്യക്തമായെന്ന് ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാര്‍ പറഞ്ഞു. പലസ്‌തീൻ വിഷയത്തിലൂടെ വോട്ട് ബാങ്കാണ് സിപിഎം ലക്ഷ്യമിടുന്നത്. അരലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന റാലിയാണിത്. അത് നടത്താന്‍ കടപ്പുറം തന്നെ വേണം.
കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ റാലിയ്‌ക്ക് ശേഷം ഒരു ദിവസത്തെ ഇടവേളയുണ്ട്. എന്നിട്ടും നവകേരള സദസ് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിക്കപ്പെട്ടത്. കോണ്‍ഗ്രസിന്‍റെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയ്‌ക്ക് അനുമതി നിഷേധിക്കപ്പെട്ടതിലൂടെ സിപിഎമ്മിന് പലസ്‌തീന്‍ വിഷയത്തില്‍ ആത്മാര്‍ഥതയില്ലെന്ന് മനസിലായെന്നും കെ പ്രവീൺ കുമാര്‍ പറഞ്ഞു.
വ്യത്യസ്‌ത ആശയമുള്ളവർ സംഗമിക്കുന്ന സ്ഥലമാണ് കോഴിക്കോട് കടപ്പുറം. ഇസഡ് പ്ലസ് സുരക്ഷയുള്ളവരുടെ പരിപാടി വൈകിട്ട് നടക്കുമ്പോൾ രാവിലെ മറ്റ് പരിപാടികൾ നടക്കുന്ന സ്ഥലമാണ് കോഴിക്കോട് കടപ്പുറം. 25 ന് നടക്കുന്ന നവകേരള സദസിന് വേണ്ടി കടപ്പുറം ഷൂട്ടിങ് ലൊക്കേഷനാക്കുകയാണോ എന്നും പ്രവീൺ കുമാർ ചോദിച്ചു.