കോഴിക്കോട്: താമരശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. താനും സഹോദരനും ചേർന്ന് 325 കിലോയോളം സ്വർണം കൊണ്ടുവന്നതിന്‍റെ പേരിലാണ് തട്ടിക്കൊണ്ടു പോകൽ എന്നാണ് ഷാഫി സന്ദേശത്തിൽ പറയുന്നത്. 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണമാണിതെന്നും ഇത് കിട്ടാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്നും ഷാഫി വീഡിയോ സന്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എവിടെയാണെന്നോ വീഡിയോ സന്ദേശത്തിൽ പറയുന്നില്ല.
അതേസമയം 325 കിലോ സ്വർണം താനും സഹോദരനും ചേർന്ന് ഇന്ത്യയിലേക്ക് കടത്തിയെന്ന ഷാഫിയുടെ വീഡിയോ വിശ്വാസയോഗ്യമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. പണമിടപാടുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ട് പോകൽ എന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്ത് വന്നത്.
ഏപ്രില്‍ ഏഴിന് രാത്രി പത്ത് മണിക്ക് ശേഷമാണ് ഷാഫിയേയും ഭാര്യ സെനിയേയും വെള്ള സ്വിഫ്റ്റ് കാറില്‍ വീട്ടിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ട് പോയത്. ഇവർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. ഷാഫിയെ നാല് പേർ ചേർന്ന് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ തന്നെയും പിടിച്ച് കാറിലേക്ക് കയറ്റിയെന്നും എന്നാൽ വഴിയിൽ വച്ച് ഇറക്കി വിടുകയായിരുന്നുവെന്നും സെനിയ മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ മാസങ്ങൾക്ക് മുമ്പ് ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഷാഫിയുമായി ബന്ധപ്പെട്ട പലരെയും കേസിൽ ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷാഫിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാർ കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് നിന്ന് കണ്ടെത്തിയിരുന്നു.
കർണാടകയിലെ സംഘമോ? അതേസമയം ഷാഫിയെ തട്ടിക്കൊണ്ട് പോയത് കർണാടകയിലെ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്‍റെ നിഗമനം. കാർ കണ്ടെത്തിയതിന് പിന്നാലെ മുക്കം പൊലീസ് മഞ്ചേശ്വരത്ത് എത്തിയിരുന്നു. ഒരു സംഘം കർണാടകയിലേക്കും പുറപ്പെട്ടിട്ടുണ്ട്. അതേസമയം കണ്ടെടുത്ത കാർ കൂടുതൽ പരിശോധനയ്ക്കായി താമരശ്ശേരിയിലേക്ക് എത്തിക്കും.
അന്വേഷണ സംഘത്തെ വഴിതിരിച്ചുവിടാനുള്ള എല്ലാ മാർഗങ്ങളും തട്ടിക്കൊണ്ടുപോയ സംഘം സ്വീകരിക്കുന്നുണ്ട്. അതിനാൽ തന്നെ കണ്ടെത്തിയ കാറിലെ വിരൽ അടയാളങ്ങൾ അടക്കമുള്ള കാര്യങ്ങളിലെ ശാസ്ത്രീയ ഫലം വന്നതിന് ശേഷമായിരിക്കും കേസിലെ കൂടുതൽ സാധ്യതകൾ പൊലീസ് തേടുക.
നേരത്തെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെട്ട ഷാഫിയെ പിന്നീട് കരിപ്പൂരിൽ എത്തിച്ചെന്ന രീതിയിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഷാഫിയുടെ മൊബൈൽ കരിപ്പൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ വയനാട് വഴി കർണാടകയിലേക്ക് ഷാഫിയെ കൊണ്ടുപോയെന്നാണ് പൊലീസിന്‍റെ സംശയം.
ഇടപെട്ട് ഉന്നത ഉദ്യോഗസ്ഥർ: സംഭവത്തിന് ദിവസങ്ങൾക്ക് ശേഷവും ലോക്കൽ പൊലീസിന്‍റെ അന്വേഷണം എങ്ങുമെത്താത്തതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം താമരശേരിയിൽ എത്തിയിരുന്നു. ഐജി നീരജ് കുമാർ ഗുപ്‌ത, ഉത്തര മേഖല ഡിഐജി പുട്ട വിമലാദിത്യ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ നേരിൽകണ്ട് കേസിന്‍റെ പുരോഗതി വിലയിരുത്തിയത്.
അതേസമയം തട്ടിക്കൊണ്ട് പോകാനെത്തിയ പ്രതികളിൽ ഒരാളുടെ രേഖാചിത്രം തയ്യാറാക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. സംഭവത്തിലെ പ്രധാന ദൃക്‌സാക്ഷിയായ ഷാഫിയുടെ ഭാര്യ സെനിയ നൽകുന്ന വിവരം അനുസരിച്ചാണ് രേഖാചിത്രം തയ്യാറാക്കുന്നത്. ഇത് ലഭിച്ചാൽ പ്രതികളെ വേഗത്തിൽ പിടികൂടാനാകും എന്ന വിശ്വാസത്തിലാണ് പൊലീസ്.