കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തിരുവമ്പാടി പഞ്ചായത്തിലെ പൊന്നാങ്കയത്ത് ടോമി മണ്ഡപത്തിൽ എന്നയാളുടെ കടയുടെ ഷട്ടറിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലും കന്നടയിലുമാണ് പോസ്റ്റർ. 'കബനി ദളം' എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
സി.പി ജലീലിന്‍റെ കൊലപാതകം പുനരന്വേഷിക്കുക, 4500 കുടുംബങ്ങളെ ബാധിക്കുന്ന പുതുപ്പാടി ഭൂമി പ്രശ്നം ഉടൻ പരിഹരിക്കുക, മോദി സർക്കാരിന്റെ ദുർഭരണത്തിനെതിരെ പോരാടുക, സംഘടിക്കുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിൽ ഉള്ളത്.


പൊലീസിനെ ആക്രമിക്കും എന്ന സൂചന നൽകുന്ന ചിത്രവും പോസ്റ്ററിൽ വരച്ച് ചേർത്തിട്ടുണ്ട്. എന്നാൽ പരിചയമില്ലാത്ത ആളുകളെ പ്രദേശത്ത് കണ്ടതായി റിപ്പോർട്ടുകളില്ല. രാവിലെ പാല് വാങ്ങാൻ പോയ നാട്ടുകാരാണ് പോസ്റ്റർ ആദ്യം കാണുന്നത്. തുടർന്ന് ഇവർ തിരുവമ്പാടി പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.