കോഴിക്കോട്: തിരുവമ്പാടിയില്‍ അനധികൃതമായി മദ്യം കടത്തിയ ആള്‍ അറസ്റ്റില്‍. ബ്ലാക്ക് ജോൺസൺ എന്ന വിളി പേരുള്ള പ്ലാത്തോട്ടത്തിൽ ജോൺസൺ ആണ് തിരുവമ്പാടി പൊലീസിന്‍റെ പിടിയിലായത്. തോട്ടുമുക്കം, പനം പിലാവ് മേഖലകളില്‍ വ്യാപകമായി ബിവറേജ് മദ്യം വിറ്റയാളാണ് പൊലീസിന്‍റെ പിടിയിലായത്. വിൽപനക്കായി 17 കുപ്പി മദ്യം അനധികൃതമായി കടത്തിക്കൊണ്ട് പോകുന്നതിനിടെയാണ് അറസ്റ്റിലായത്. കൂടരഞ്ഞി റോഡിൽ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പിടിച്ചെടുത്ത കുപ്പികള്‍ മുഴുവനും ബിവറേജിൽ നിന്ന് വാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. തിരുവമ്പാടി എസ്‌ഐ സുധീറിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്ഐ കുമാരൻ കെഎൻ , സിപിഒ അനീസ്, രാംജിത്ത് , സ്വപ്നേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അബ്‌കാരി റെയ്‌ഡ് തുടരുന്നതിനിടയിൽ എസ്‌ഐ സുധീറിന്‍റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ നടക്കുന്ന ഈ ആഴ്‌ചയിലെ മൂന്നാമത്തെ മദ്യ വേട്ടയാണിത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പ്രതിയെ ഇതിന് മുമ്പും സമാന കുറ്റത്തിന് എക്സൈസ് വകുപ്പും പൊലീസും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം 28 ലിറ്റർ ബീവറേജ് മദ്യവുമായി താമരശ്ശേരി സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. അബ്‌കാരി റെയ്‌ഡ് തുടരുമെന്ന് പോലീസ് അറിയിച്ചു.