കോഴിക്കോട്: വടക്കൻ പാട്ടുകളില്‍ കേട്ടും സിനിമകളില്‍ കണ്ടും പരിചയിച്ച തച്ചോളി കളരിയും ലോകനാർകാവുമൊക്കെ മലയാളിക്ക് സമ്മാനിക്കുന്ന അനുഭൂതി വളരെ വലുതാണ്. പാടി കേട്ടതും തിരശീലയിൽ കണ്ടതും നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരമാണ് ഒരുങ്ങുന്നത്. തീർത്ഥാടന ടൂറിസം ഭൂപടത്തിന്‍റെ ഭാഗമായി ലോകനാർകാവ് ടൂറിസ്റ്റ് റസ്റ്റ് ഹൗസും കളരിത്തറയും നാടിന് സമർപ്പിച്ചു.
രണ്ട് ഘട്ടങ്ങളിലായി അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ലോകനാർകാവിൽ പൂർത്തീകരിച്ചത്. റസ്റ്റ് ഹൗസിൽ 14 ശീതികരിച്ച മുറികളും 11 കിടക്കകളുമുള്ള ഡോർമിറ്ററിയുമാണുള്ളത്. കളരിത്തറയുടെ ഭാഗമായി പരമ്പരാഗത കളരി പരിശീലന സൗകര്യം, വിശാലമായ മുറ്റം, ചുറ്റുമതിൽ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ മറ്റു ചില നിർമ്മാണ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.
മ്യൂസിയം, ചിറകളുടെ നവീകരണം, ചുറ്റുമതിൽ നിർമ്മാണം, ഊട്ടുപുര, തന്ത്രിമഠം, പുതിയോട്ടിൽ കൊട്ടാരം പുതുക്കൽ തുടങ്ങിയവയാണ് പ്രധാന പ്രവർത്തികൾ. തലശ്ശേരി പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമാണിത്. താമസ സൗകര്യം കുറവായത് കാരണം ദൂര പ്രദേശത്ത് നിന്നെത്തുന്നവർ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിന് പരിഹാരമായതോടെ നിരവധി പേർ ഇനിയെത്തുമാണ് പ്രതീക്ഷ.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വലിയ ചിറ, ചെറിയ ചിറ, തന്ത്രിമഠം പുതിയോട്ടിൽ കൊട്ടാരം എന്നിവ മോടിപിടിപ്പിക്കുന്നത്. ഇതിൽ കൊട്ടാരത്തിന്‍റെ പുനരുദ്ധാരണം മാത്രമാണ് ബാക്കിയുള്ളത്.
ലോകനാർകാവ്: കോഴിക്കോട് ജില്ലയിൽ വടകരക്കടുത്ത് സ്ഥിതി ചെയ്യുന്ന ദുർഗാദേവിയുടെ പ്രതിഷ്‌ഠയുള്ള പുരാതന ക്ഷേത്രമാണ് ലോകനാർകാവ്. വടകര ദേശീയ പാതയിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തും. ലോകമലയാർകാവ് എന്നതിന്‍റെ ചുരുക്ക രൂപമാണ് ലോകനാർകാവ്.
പ്രാദേശിക ഭാഷയായ മലയാളത്തിൽ ലോകം എന്നാൽ ലോകം, മല എന്നാൽ മല, ആറ് എന്നാൽ നദി, കാവ് എന്നാൽ തോട്ടം. ലോകമലയാർകാവ് എന്നാൽ മലയും പുഴയും തോപ്പും ചേർന്ന ലോകം എന്നാണ് അർഥം.
ഐതിഹ്യം: ഏകദേശം 1500 വർഷം പഴക്കമുള്ള ക്ഷേത്രം ചരിത്രവും ഐതിഹ്യങ്ങളും നിറഞ്ഞതാണ്. തച്ചോളി കളരിയിലെ നായകൻ തച്ചോളി ഒതേനൻ ലോകനാർകാവിലകയുടെ ഭക്തനായിരുന്നു എന്നാണ് ഐതിഹ്യം. 32 വയസിനിടെ നടത്തിയ 64 അങ്കങ്ങൾക്ക് പുറപ്പെടുമ്പോഴും ഒതേനൻ അമ്മയുടെ അനുഗ്രഹം തേടിയിരുന്നു.
അവസാന അങ്കത്തിന് അനുഗ്രഹം തേടിയപ്പോൾ പോകരുത് എന്ന് അരുളപ്പാടുണ്ടായിട്ടും അതവഗണിച്ച് പോയപ്പോൾ മരണം സംഭവിച്ചു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്‍റെ ഓർമകൾ നിലനിർത്താൻ തച്ചോളി മാണിക്കോത്തെ ഉത്സവത്തിന് ഇന്നും തിരിതെളിയിക്കുന്നത് ലോകനാർകാവിൽ നിന്നാണ്.
കോഴിക്കോട് ജില്ലയുടെ മാത്രമല്ല, കേരളത്തിന്‍റെ തന്നെ തീർത്ഥാടന ടൂറിസത്തിനും ചരിത്ര വിനോദ സഞ്ചാരങ്ങൾക്കും മുതൽക്കൂട്ടായ ലോകനാർകാവ് ക്ഷേത്രത്തിൽ നിർമിച്ച ടൂറിസ്റ്റ് റസ്റ്റ് ഹൗസിന്‍റെയും കളരിത്തറയുടെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് നിർവഹിച്ചത്. ചരിത്ര പ്രാധാന്യമുള്ള ലോകനാർകാവ് ക്ഷേത്രം ടൂറിസം ഭൂപടത്തിൽ ചിരപ്രതിഷ്‌ഠ നേടാൻ പോവുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
മലബാറിൽ സഞ്ചാരികളെ ആകർഷിക്കാൻ ചിലവ് കുറഞ്ഞ താമസ സൗകര്യം എന്നത് ഏറെ പ്രധാനമാണ്. താമസ സൗകര്യത്തിനായി പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് കൊണ്ടുവന്നത് ഏറെ നേട്ടമായിട്ടുണ്ട്. 2023 നവംബർ ആകുമ്പോൾ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസ് സൗകര്യം ഉപയോഗിച്ചവരുടെ എണ്ണം ഒന്നേ മുക്കാൽ ലക്ഷമാകും. ഇതുവഴി സർക്കാറിന് പത്ത് കോടിരൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്.
ലോകനാർകാവ് ക്ഷേത്രം ഇനിയുള്ള ദിവസങ്ങളിൽ ലോകം കൂടുതലായി അറിയുമെന്നും സമീപത്തുള്ള പയംങ്കുറ്റിമല ടൂറിസവും മാണിക്കോത്ത് ക്ഷേത്രവും പരിപോഷിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.