ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയത്തിനായി ലോക്താന്ത്രിക് ജനതാദൾ ഒറ്റക്കെട്ടായി പ്രവർത്തിക്കും എന്ന് ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്. സീറ്റിനെ ചൊല്ലി പാർട്ടിയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പ്രവർത്തകർ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയതായി അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിലേക്ക് തിരിച്ചെത്തിയ ലോക്താന്ത്രിക് ജനതാദളിന് വടകരയിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് കോഴിക്കോട് ജില്ലാ കൗൺസിൽ വലിയ പ്രതിഷേധമാണ് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ ധരിപ്പിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന ജില്ലാ കൗൺസിൽ എൽഡിഎഫിന്‍റെതീരുമാനത്തെ എതിർക്കുകയും ചെയ്തിരുന്നു.
പാർട്ടിക്കകത്ത് പ്രതിഷേധം പുകഞ്ഞതോടെയാണ് ഇന്ന് സംസ്ഥാന കൗൺസിൽ യോഗം കോഴിക്കോട് നടത്താൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ മറ്റുവിഷയങ്ങൾ മറന്ന് എൽഡിഎഫിന്‍റെവിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ യോഗത്തിൽ തീരുമാനിച്ചതായി വർഗീസ് ജോർജ് പറഞ്ഞു.
എൽജെഡിക്ക് സ്വാധീനമുള്ള മേഖലകളിലെല്ലാം എൽഡിഎഫ് സ്ഥാനാർഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി തന്നെ വിജയിപ്പിക്കാനാണ് തീരുമാനം. കോഴിക്കോട് വീരേന്ദ്രകുമാറും വടകരയിൽ കെ പി മോഹനനും പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകും.