കോഴിക്കോട്: വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന എൽജെഡിയിൽ വീണ്ടും അസ്വാരസ്യം. നാളെ മുതൽ നാലാം തീയതി വരെ ചരൽകുന്നിൽ സംസ്ഥാന നേത്യത്വ കാമ്പ് തുടങ്ങാനിരിക്കെയാണ് പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ ചലനമുണ്ടാക്കാൻ സാധിക്കാതിരുന്ന എൽ ജെ ഡി ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിന് താഴെക്കിടയിലെ പ്രവർത്തകരുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിനായി മണ്ഡലം കൗൺസിൽ അടക്കമുള്ള യോഗങ്ങൾ കഴിഞ്ഞ ആഴ്ച്ചയോടെ പൂർത്തീകരിച്ചു.
ദേശീയ തലത്തിൽ എസ് പി, ആർജെഡി, ജെഡിഎസ് എന്നീ പാർട്ടികളിൽ ഏതെങ്കിലുമായുള്ള ലയനം, എൽജെഡി ആയി തന്നെ തുടരുക, അതുമല്ലെങ്കിൽ കേരളത്തിൽ പ്രാദേശിക പാർട്ടി ആയി ഒതുങ്ങുക എന്നിവയാണ് ഭാവി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് നേതൃത്വം കീഴ്ഘടകത്തിന് നൽകിയിരിക്കുന്ന അഞ്ച് ഉപാധികൾ. ഇതിൽ കേരള പാർട്ടി ആയി മാറുന്നതിനാണ് വീരേന്ദ്രകുമാർ വിഭാഗത്തിന് താൽപര്യം. എന്നാൽ ഇത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള ഉപാധിയാണെന്നും എൽജെഡി ആയി തന്നെ പാർട്ടി തുടരണമെന്നുമാണ് മറുവിഭാഗം ഉയർത്തുന്ന ആവശ്യം.
ദേശീയ തലത്തിൽ വർഗീയതയെ ഒറ്റക്കെട്ടായി എതിർക്കേണ്ട സമയത്ത് സ്വന്തം താൽപര്യങ്ങൾക്ക് പാർട്ടിയെ ബലി കഴിപ്പിച്ചാൽ അണികൾ ഒപ്പമുണ്ടാവില്ലെന്നും മറു വിഭാഗം മുന്നറിയിപ്പ് നൽകുന്നു. നാളെ നടക്കാനിരിക്കുന്ന നേതൃ ക്യാമ്പിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യും. ക്യാമ്പിൽ ഉയരുന്ന ആശയമായിരിക്കും എൽജെഡിയുടെ ഭാവി തീരുമാനിക്കുക.