കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള തിരുവമ്പാടി മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയായി ലിന്‍റോ ജോസഫിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ പ്രചരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ പോസ്റ്റർ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
സ്ഥാനാർഥിയെ തിരുവമ്പാടി ഏരിയ കമ്മറ്റി അംഗീകരിച്ച ഉടനെ തന്നെ കൂടരഞ്ഞി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലിന്‍റോയുടെ പോസ്റ്ററുകളും വ്യാപകമായി പതിച്ചിട്ടുണ്ട്. അതേ സമയം യുഡിഎഫ് സ്ഥാനാർഥിയെ സംബധിച്ച് ഇതുവരെ തീരുമാനമാവാത്തത് പ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായിട്ടാണങ്കിലും സ്ഥാനാർഥിത്വം ലഭിച്ചതിൽ സന്തോഷമുണ്ടന്ന് ലിന്‍റോ ജോസഫ് പറഞ്ഞു. ഓരോ തവണയും പാർട്ടി ഓരോ ചുമതലകളാണ് ഏൽപ്പിക്കുന്നത്. പാർട്ടി ഏൽപ്പിക്കുന്ന വിശ്വാസം അത്രമേൽ പൂർണതയോട് കൂടി നിറവേറ്റുക എന്നതാണ് കടമയെന്നും തിരുവമ്പാടി മണ്ഡലത്തിൽ ഇടതു പക്ഷത്തിന് മികച്ച സാധ്യതകളാണ് ഉള്ളതെന്നും ലിന്‍റോ പറഞ്ഞു.
2006 ൽ മത്തായി ചാക്കോ വന്നതു മുതലാണ് മണ്ഡലം വികസനം എന്തെന്ന് അറിയുന്നത്. പിന്നീട് ജോർജ് എം തോമസ് എംഎൽഎ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി. യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ അവർക്ക് വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞില്ലന്നും ലിന്‍റോ കുറ്റപ്പെടുത്തി. തുരങ്കപാത ഉൾപ്പെടെ വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ട് അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നത്. ഇടതുപക്ഷത്തിന് അനുകൂലമാകുന്ന രീതിയിൽ കേരളത്തിലെ യുവജനങ്ങൾ മാറിയിട്ടുണ്ടന്നും യുവജനങ്ങൾക്ക് വേണ്ടി പ്രതികരികുന്ന ആളെന്ന നിലയിൽ ഇതരരാഷ്ട്രീയ പാർട്ടികളിൽ നിന്ന് പോലും വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുകയാണന്നും ലിന്‍റോ വ്യക്തമാക്കി.