കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്‌പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപക്ഷേ നൽകാൻ സാധ്യതയില്ല എന്നാണ് സൂചന.
ഷാറൂഖ് സെയ്‌ഫിക്ക് വേണ്ടി ജാമ്യാപേക്ഷ സമർപ്പിച്ച ലീഗൽ എയ്‌ഡ് ഡിഫൻസ് കൗൺസിൽ പി പീതാംബരൻ ഇന്ന് കോടതിയിൽ ഹാജരാകും. അതേ സമയം യുഎപിഎ ചുമത്തിയ കേസിൽ ജാമ്യാപേക്ഷ പരിഗണിച്ചേക്കില്ല. കേസ് എൻഐഎ ഏറ്റെടുക്കുമോ എന്നതിലാണ് ഇനിയുള്ള ആകാംക്ഷ. ആദ്യഘട്ട അന്വേഷണത്തിൽ പ്രതിയുടെ തീവ്രവാദ സ്വഭാവം വ്യക്തമായെങ്കിലും പുറത്ത് നിന്നുള്ള സഹായം പ്രതിക്ക് ലഭിച്ചോ എന്നതിന് അവ്യക്തത തുടരുകയാണ്.
മറ്റാരുടെയും പങ്കിനെ കുറിച്ച് നിലവിലെ അന്വേഷണ സംഘം തുറന്ന് പറയുന്നില്ലെങ്കിലും കേസ് ഡയറിയിൽ അതിന്‍റെ സൂചനകൾ ഉണ്ടായേക്കാം. അതിൽ വ്യക്തത വരുത്താൻ എൻഐഎ അന്വേഷണത്തിലൂടെ സാധിക്കും എന്നതാണ് പൊതു വിലയിരുത്തൽ.