കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈന്‍ വഴിയാക്കിയപ്പോള്‍ വ്യത്യസ്തമായി വിദ്യാര്‍ഥികളിലേക്ക് എങ്ങനെ പാഠങ്ങള്‍ എത്തിക്കാമെന്ന ചിന്തയിലാണ് അറത്തിൽപറമ്പ സ്‌കൂളിലെ പ്രിപ്രൈമറി അധ്യാപികയായ അർജുന സ്വന്തം വീട് തന്നെ ക്ലാസ് മുറിയാക്കാന്‍ തീരുമാനിച്ചത്. പാഠപുസ്‌തകത്തിലെ ചിത്രങ്ങളും കഥാസന്ദര്‍ഭങ്ങളും അക്ഷരങ്ങളും വാക്കുകളും അക്കങ്ങളും തുടങ്ങി എല്ലാം വീട്ടിലെ ഒരു മുറിക്കുള്ളില്‍ പതിപ്പിച്ച് ചൊറിയൊരു ക്ലാസ് മുറി തന്നെ ടീച്ചര്‍ ഒരുക്കി.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ക്ലാസെടുക്കുന്നത് ഷൂട്ട് ചെയ്യുന്നത്. ശബ്‌ദവും ചിത്രീകരണവും മികച്ചതാണെന്ന ഉറപ്പ് വരുത്തിയ ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് വീഡിയോ അയച്ചുകൊടുക്കുന്നത്. ടെലിവിഷന്‍ ചാനല്‍ വഴിയുള്ള പഠനത്തെക്കാള്‍ സ്വന്തം അധ്യാപികയില്‍ നിന്നും പഠിക്കാന്‍ കഴിയുന്നതില്‍ വിദ്യാര്‍ഥികളും സന്തുഷ്‌ടരാണ്. ക്ലാസ് മുറി ഒരുക്കുന്നതും ക്ലാസെടുക്കുന്നത് ചിത്രീകരിക്കുന്നതും ശ്രമകരമായ ജോലിയാണെന്നാണ് ടീച്ചര്‍ പറയുന്നത്. ഇങ്ങനെ വ്യത്യസ്ത രീതിയില്‍ ക്ലാസെടുക്കുന്ന ടീച്ചര്‍ക്ക് അഭിനന്ദനങ്ങളും പിന്തുണയും നല്‍കി സഹപ്രവര്‍ത്തകരും ഒപ്പമുണ്ട്.