കോഴിക്കോട് : അതിരൂക്ഷമായ കടലാക്രമണത്തെ തുടർന്ന് ജില്ലയില്‍ 80 കുടുംബങ്ങളില്‍ നിന്നായി 390 പേരെ ബന്ധു വീടുകളിലേക്കും അയൽ വീടുകളിലേക്കുമായി താൽക്കാലികമായി മാറ്റി. ചേമഞ്ചേരി വില്ലേജിൽ 17, 13 ,18 വാർഡുകളിൽ ഉൾപ്പെട്ട കാപ്പാട്, മുനമ്പത്ത് , അഴീക്കൽ, കണ്ണൻ കടവ് എന്നീ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. പേരാമ്പ്ര വില്ലേജിൽ തൊള്ളറവയലിൽ ചോയിയുടെ കുടുംബത്തെ വീട്ടിൽ വെള്ളം കയറിയതിനാലും കപ്പള്ളിച്ചാലിൽ വേലായുധന്‍റെ കുടുംബത്തെ താമസിച്ചിരുന്ന ഷെഡ് തകർന്നതിനാലും കണ്ണോത്ത് സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചു.
കടൽക്ഷോഭം ഉണ്ടായ ഇരിങ്ങൽ വില്ലേജിലെ കോട്ടക്കടപ്പുറം ഭാഗത്തുള്ള 15 കുടുംബങ്ങളെയും, പുഴവെള്ളം കയറിയ പടന്ന തുരുത്തിയിലെ അഞ്ച് കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. ചെങ്ങോട്ട്കാവ് വില്ലേജിൽ 17, 15 വാർഡുകളിലെ അഞ്ച് കുടുംബങ്ങളെ ദുരിതാശ്വാസ കാമ്പിലേക്ക് മാറ്റി.
കൊഴുക്കല്ലൂർ വില്ലേജിൽ നിടുമ്പൊയിൽ കളത്തിൽ രവീന്ദ്രൻ നായരുടെ ഓടുമേഞ്ഞ വീട് രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ഭാഗികമായി തകർന്നു. കാപ്പാട് മൊളുവങ്കരക്കണ്ടി അബുവിൻ്റെ വീട് പൂർണമായും പടിഞ്ഞാറെ വലിയാണ്ടി ഗിരീഷിൻ്റെ വീട് ഭാഗികമായും തകർന്നു. കോഴിക്കോട് താലൂക്കിൽ നാല് ക്യാമ്പുകളിലായി 24 കുടുംബങ്ങളിൽ നിന്നുളള 109 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.