കോഴിക്കോട്: നിപ സമ്പർക്ക ബാധിതരുടെ എണ്ണം ഇനിയും വർധിച്ചേക്കാമെന്ന് പിടിഎ റഹീം എംഎൽഎ. കുട്ടിയെ പ്രവേശിപ്പിച്ച രണ്ട് ആശുപത്രികളിൽ നിന്നാണ് കൂടുതൽ സമ്പർക്കം ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ വീടിരിക്കുന്ന പാഴൂർ മേഖലയിൽ സമ്പർക്ക പട്ടികയിൽ ആകെ ഉള്ളത് 18 പേരാണെന്നും അദ്ദേഹം പറഞ്ഞു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാത്തമംഗലം, പാഴൂർ മേഖലയിൽ വവ്വാലുകളെ ആവാസവ്യവസ്ഥയിൽ നിന്നു ഓടിച്ച് വിടരുതെന്ന് നാട്ടുകാർക്ക് നിർദേശം നൽകാൻ യോഗത്തിൽ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
പാഴൂർ പ്രദേശത്തോട് ചേർന്നുള്ള മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. പ്രദേശത്തുള്ളവരെ പുറത്തേക്ക് പോകുന്നതിനോ, ഇതര ഭാഗങ്ങളിൽ നിന്ന് ആളുകളെ ഈ ഭാഗത്തേക്ക് പ്രവേശിക്കുന്നതിനോ അനുവദിക്കില്ല.
also read: നിപ പ്രതിരോധത്തിന് മാനേജ്‌മെന്‍റ് പ്ലാന്‍, എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം
നിത്യോപയോഗ സാധനങ്ങളുടെ കടകൾ രാവിലെ 7 മുതൽ ഉച്ചക്ക് 2 മണിവരെ പ്രവർത്തിക്കും. വീടുകളിൽ താമസിക്കുന്നവർക്ക് ആവശ്യമായ അത്യാവശ്യ സാധനങ്ങൾ ആർആർടിമാർ മുഖേന ലഭ്യമാക്കും. നിത്യോപയോഗ സാധനങ്ങൾ കടകളിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള വാഹനങ്ങൾക്ക് മാത്രമേ അനുമതി നൽകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.