കോഴിക്കോട്: നാദാപുരം അരൂരിൽ വോളി ബോൾ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസിനെ (30) യാണ് നമ്പർ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം.
വോളി ബോൾ മത്സരം കഴിഞ്ഞ് ജീപ്പിൽ കയറുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘം മർദിക്കുകയും ജീപ്പിൽ നിന്നിറക്കി ഇന്നോവ കാറിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. ജീപ്പിന്‍റെ പിൻ ഭാഗത്തെ ടയറിന്‍റെ കാറ്റ് ഒഴിച്ച് വിടുകയും ചെയ്തു.
അജ്നസിന്‍റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് മർദനമേറ്റു. സംഭവ മറിഞ്ഞെത്തിയ പൊലീസ് ക്രെയിൻ എത്തിച്ച് അജ്നാസിന്‍റെ ജീപ്പ് നാദാപുരം സ്റ്റേഷനിലേക്ക് മാറ്റി. റൂറൽ എസ്പി രാത്രിയിൽ തന്നെ നാദാപുരം സ്റ്റേഷനിൽ എത്തി. സംഭവവുമായി ബന്ധപ്പെട്ട് കുറ്റ്യാടി സ്വദേശിയായ യുവാവിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ നാദാപുരം സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്.