കോഴിക്കോട്: മലബാറിലെ ഏറ്റവും വലിയ ആതുരാലയ കേന്ദ്രമായ സർക്കാർ മെഡിക്കൽ കോളജിൽ സർജിക്കൽ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുങ്ങി. പിഎംഎസ്എസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്കാണ് സജ്ജമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ ബ്ലോക്കില്‍ ആറ് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഏഴ് നിലകളിലായി രോഗി സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആക്‌സിഡന്‍റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍, ആറ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 500 കിടക്കകള്‍, 19 ഓപറേഷന്‍ തിയേറ്ററുകള്‍, 10 തിവ്ര പരിചരണ യൂണിറ്റുകള്‍, ഐപിഡി, ഫാക്കല്‍റ്റി ഏരിയ, സിടി, എംആര്‍ഐ, ഡിജിറ്റല്‍ എക്‌സ്‌റേ, സിസി ടിവി സംവിധാനം, ഡാറ്റ സംവിധാനം, ലിഫ്റ്റുകള്‍, പിഎ സിസ്റ്റം എന്നീ സംവിധാനങ്ങള്‍ ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ടാകും.
അത്യാധുനിക സംവിധാനം: കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍റ് തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി ആന്‍റ് റീനല്‍ ട്രാന്‍സ്പ്ലാന്‍റ് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ററോളജി എന്നിവയാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. 190 ഐസിയു കിടക്കകളില്‍ 20 കിടക്കകള്‍ മസ്‌തിഷ്‌ക മരണം സംഭവിച്ചവരുടെ മള്‍ട്ടി ഓര്‍ഗര്‍ ട്രാന്‍സ്പ്ലാന്‍റേഷനും 20 കിടക്കകള്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്‍റേഷനും 20 കിടക്കകള്‍ തലയ്ക്ക് പരിക്കേറ്റവര്‍ക്കായുള്ള വിദഗ്‌ധ ചികിത്സയ്ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.
സ്‌കാനിങ്ങിനായി പല സ്ഥലങ്ങളിൽ ഓടി നടക്കേണ്ട: അവയവ മാറ്റ ശസ്ത്രക്രിയയിൽ ഉൾപ്പെടെ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യ കേന്ദ്രമായായി ആശുപത്രിയെ മാറ്റുകയാണ് ലക്ഷ്യം. രോഗികൾക്ക് നിന്ന് തിരിയാൻ ഇടമില്ലാത്ത നിലവിലെ അത്യാഹിത വിഭാഗം, മറ്റ് ശസ്‌ത്രക്രിയ വിഭാഗങ്ങൾ എല്ലാം ഇനി പഴങ്കഥയാകും. അപകടത്തിൽ പെടുന്നവർ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ എന്നിവര്‍ക്ക് ഒരു കുടക്കീഴിൽ മികവുറ്റ ചികിത്സ സംവിധാനം ലഭ്യമാകും.
ഏകീകൃത ഡാറ്റ സംവിധാനത്തിലൂടെ ഒറ്റ ക്ലിക്കിൽ എല്ലാം ഡോക്‌ടർക്ക് മുന്നിലെത്തും. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിലാണ് ഓരോ നിലയിലെയും സൗകര്യങ്ങൾ. സൗരോര്‍ജം വഴി വൈദ്യുതി, കൂടുതൽ ശേഷിയുള്ള ഓക്‌സിജൻ പ്ലാന്‍റ്, വമ്പൻ മാലിന്യ സംസ്‌കരണ യൂണിറ്റ്, അങ്ങനെ നീളുന്നു പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ സൗകര്യങ്ങൾ. 120 കോടി കേന്ദ്രവും 75.93 കോടി സംസ്ഥാനവും മുതൽ മുടക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് നമ്പര്‍ വണ്‍: കേരളത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളജായി 1957 ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ഥാപിതമായത്. നഗരത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ 270 ഏക്കര്‍ വിസ്‌തൃതിയില്‍ കാമ്പസ് വ്യാപിച്ച് കിടക്കുന്നു. കേരളത്തിലെ ആറ് ജില്ലകളിലെ രോഗികള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്.
1966 ല്‍ ആരംഭിച്ച പ്രധാന ആശുപ്രതിയില്‍ 1,183 കിടക്കകളുണ്ട്. കൂടാതെ മാതൃശിശു സംരക്ഷണ കേന്ദ്രം (610 കിടക്കകള്‍), സാവിത്രി സാബു മെമ്മോറിയല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (101 കിടക്കകള്‍), നെഞ്ചുരോഗ ആശുപ്രതി (100 കിടക്കകള്‍), സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോംപ്ലക്‌സ്, സോണല്‍ ലിംഫ് ഫിറ്റിങ് സെന്‍റര്‍, ദന്തല്‍ കോളജ്, നഴ്‌സിങ് കോളജ്, ഫാര്‍മസി കോളജ്, ത്രിതല കാന്‍സര്‍ സെന്‍റര്‍ എന്നിവ പിന്നീട് സ്ഥാപിച്ചു.
250 എംബിബിഎസ് സീറ്റുകളുണ്ട്. 25 വിഷയങ്ങളില്‍ ബിരുദാനന്ത ബിരുദ പഠന സൗകര്യങ്ങളും 10 വിഭാഗങ്ങളിലായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളുമുണ്ട്. വൃക്ക മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള ആധുനിക സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, സുസജ്ജമായ കാത്ത് ലാബ്, ടെലി കൊബാള്‍ട്ട് തെറാപ്പി, ലീനിയര്‍ ആക്‌സിലറേറ്റര്‍, പെറ്റ്‌സ്‌കാന്‍ എന്നീ സൗകര്യങ്ങളുമുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായി ഫാമിലി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ കോഴ്‌സുകള്‍ ആരംഭിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.